
വാഷിംഗ്ടൺ: ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള ഇടപാടിന് പച്ചക്കൊടി വീശി ട്രംപ് ഭരണകൂടം. 2,000 പൗണ്ട് ബോംബ് ഉൾപ്പടെയുള്ളവ വിൽക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. ഗാസയിൽ ഹമാസുമായി നടത്തുന്ന പോരാട്ടത്തിന് ഇസ്രായേലിന് വൻതോതിൽ ആയുധങ്ങൾ നൽകിയത് യുഎസായിരുന്നു.
35,500 എം.കെ 84, ബ്ലു-117 ബോംബുകൾ 4,000 യുദ്ധവിമാനങ്ങൾ എന്നിവയാണ് യു എസ് ഇസ്രായേലിന് വിൽക്കുകയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ അറിയിച്ചു. അടിയന്തരമായി ആയുധങ്ങൾ കൈമാറേണ്ടതിന്‍റെ ആവശ്യകതയുണ്ട്. അതുകൊണ്ട് തന്നെ വിൽപനയിൽ യുഎസ് കോൺഗ്രസിന്‍റെ അവലോകനം നടത്തിയിട്ടില്ലെന്ന് റുബിയോ വ്യക്തമാക്കി.
അതേസമയം, ഇസ്രായേലും ഹമാസും രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച വ്യാഴാഴ്ച ആരംഭിച്ചതായി മധ്യസ്ഥ രാജ്യങ്ങളിലൊന്നായ ഈജിപ്ത് അറിയിച്ചു. ഒന്നാംഘട്ട വെടിനിർത്തൽ കരാറിന്റെ സമയപരിധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ഇസ്രായേൽ, ഹമാസ്, ഖത്തർ, യു.എസ് പ്രതിനിധികൾ ചർച്ചക്കായി കൈറോയിലുണ്ട്.










