ഇറാന്റെ പരമോന്നത നേതാവ് ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം ട്രംപ് തടഞ്ഞു

വാഷിംഗ്ടണ്‍: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിക്കാനുള്ള ഇസ്രായേല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞുവെന്ന് റിപ്പോര്‍ട്ട്. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖമേനിയെ വധിക്കുന്നത് ‘നല്ല ആശയമല്ല’ എന്ന് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതായാണ് വിവരം. വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഒന്നിലേറെ പ്രാവശ്യം ഇസ്രയേല്‍ ഈ ആവശ്യം യുഎസിനു മുന്നില്‍ അവതരിപ്പിച്ചു എന്നാണ് സൂചന.

ഖമനയിയെ കൊല്ലാനുള്ള പദ്ധതി ട്രംപ് തടഞ്ഞതായുള്ള റിപ്പോര്‍ട്ടിനോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിട്ടില്ല. എന്നാല്‍, ”നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു എന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യും, അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് ഞാന്‍ കരുതുന്നു, ഞാന്‍ അതില്‍ ഇടപെടാന്‍ പോകുന്നില്ല. ഇസ്രായേല്‍ ‘രാഷ്ട്രീയ നേതാക്കളെ കൊല്ലുന്നില്ല, ഞങ്ങള്‍ ആണവ, സൈനിക മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആ പദ്ധതികളെക്കുറിച്ച് തീരുമാനമെടുക്കുന്ന ആരും സ്വതന്ത്രമായും എളുപ്പത്തിലും ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു.

ഇറാനിയന്‍ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റ് ലക്ഷ്യങ്ങള്‍ക്കും നേരെ വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഞായറാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇരു രാജ്യങ്ങളും പരസ്പരം വന്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

More Stories from this section

family-dental
witywide