
തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് പതിനാലുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനസമക്ഷം മാപ്പ് പറഞ്ഞ് കെഎസ്ഇബി. ഒരിക്കലും സംഭവിക്കരുതാത്ത ദാരുണമായ അപകടമാണ് ഉണ്ടായതെന്നും ജുനൈദിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും പൊതുജനങ്ങളോടും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ക്ഷമ ചോദിക്കുന്നതായും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു. അപകടമുണ്ടായ സാഹചര്യം തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായി അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി സുരക്ഷ ഉറപ്പാക്കുമെന്നും ബോർഡ് വ്യക്തമാക്കി. വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 9496010101 എന്ന വാട്സാപ് നമ്പറിലേക്ക് അയച്ചുനൽകി പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
കെഎസ്ഇബിയുടെ കുറിപ്പ്
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ എസ് ഇ ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും.
അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും .
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും.
ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കെ എസ് ഇ ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു.
KSEB Apologizes Publicly Over 14-Year-Old’s Electrocution in Tirurangadi; Assures Strict Action Against Those Responsible















