
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തിലുണ്ടായ മാരകമായ ഡ്രോൺ ആക്രമണത്തിൽ ഉന്നത സൈനിക നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് യുഎസ് ആർമി മേജർ സ്റ്റീഫൻ റാംസ്‌ബോട്ടം യുഎസ് കോൺഗ്രസിന് വിസിൽബ്ലോവർ പരാതി നൽകി. ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട റാംസ്‌ബോട്ടം, വെള്ളിയാഴ്ച ഹൗസ്, സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റികൾക്ക് സമർപ്പിച്ച പരാതിയുടെ വിശദാംശങ്ങൾ സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലൂടെയാണ് പുറത്തുവന്നത്.
മാർച്ച് 1-ന് കുവൈറ്റിലെ ‘പോർട്ട് ഷുവൈബ’ കമാൻഡ് പോസ്റ്റിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിലെ അമേരിക്കൻ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. യുദ്ധത്തിന് മുന്നോടിയായി ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിലും സൈനിക കേന്ദ്രത്തിന് മതിയായ സുരക്ഷാ കവചം തീർക്കുന്നതിലും ഉന്നത ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല
ആക്രമണം നടക്കുമ്പോൾ പോർട്ട് ഷുവൈബയിൽ ഒരു ഡോക്ടറോ, സ്ഥിരമായ പ്രഥമശുശ്രൂഷാ കേന്ദ്രമോ ഉണ്ടായിരുന്നില്ലെന്നും ആകെ ഒരു ആംബുലൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും റാംസ്‌ബോട്ടം വെളിപ്പെടുത്തി. “ഇത് സൈന്യത്തിന്റെയും, ഞങ്ങളുടെ നേതൃത്വത്തിന്റെയും, എന്റെ തലം വരെയുള്ളവരുടെയും തന്ത്രപരമായ പരാജയമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇത് ശരിയായ രീതിയിൽ ആസൂത്രണം ചെയ്തില്ല, ഇതൊരു പാഠമായി ഉൾക്കൊള്ളേണ്ടതുണ്ട്,” മേജർ റാംസ്‌ബോട്ടം 60 മിനിറ്റ്സിനോട് പറഞ്ഞു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ച് തൊട്ടടുത്ത ദിവസമാണ് ദുർബലമായ സുരക്ഷാ സംവിധാനങ്ങൾ മാത്രമുണ്ടായിരുന്ന കുവൈറ്റ് തുറമുഖ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിന്റെ പിറ്റേന്ന് നടന്ന വാർത്താസമ്മേളനത്തിൽ, സൈനികർക്ക് മികച്ച സുരക്ഷ ഒരുക്കിയിരുന്നുവെന്നും അതീവ പ്രഹരശേഷിയുള്ള ആയുധമായതിനാലാണ് അപകടമുണ്ടായതെന്നുമായിരുന്നു ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടിരുന്നത്.
അന്വേഷണം കടുപ്പിച്ച് ഡെമോക്രാറ്റുകൾ
വിസിൽബ്ലോവർ പരാതി പരിശോധിച്ച സെനറ്റ് സബ്കമ്മിറ്റി അംഗം സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ നവംബർ 13-ന് പീറ്റ് ഹെഗ്‌സെത്തിന് കത്തയച്ചു. പോർട്ട് ഷുവൈബയിലെ സുരക്ഷാ വിലയിരുത്തലുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാനും രഹസ്യ ബ്രീഫിംഗിന് നേരിട്ട് ഹാജരാകാനും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വർഷം കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇറാൻ യുദ്ധം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഡെമോക്രാറ്റുകൾ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് സൂചന. എന്നാൽ റാംസ്‌ബോട്ടത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ പെന്റഗൺ വക്താവ് വിസമ്മതിച്ചു.













