
വാഷിങ്ടന്‍: ഇറാനു കനത്ത പ്രഹരമേല്‍പ്പിച്ച ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് മുന്‍പേ അറിഞ്ഞിരുന്നെന്നും എന്നാല്‍ പങ്കില്ലെന്നുമാണ് അമേരിക്ക പറയുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായവും മൗനസമ്മതവും ഇല്ലാതെ ഇസ്രയേല്‍ മുതിരില്ലെന്ന വിശ്വാസം പൊതുവേയുണ്ട്.
യുദ്ധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആദ്യമേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ട്രംപും എല്ലാം അറിഞ്ഞെന്നും എന്നാല്‍ പങ്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇറാന്‍ ഇത് പാടേ തള്ളിയിരുന്നു. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും അത്തരമൊരു ആക്രമണം നടത്തുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കിയതും യുഎസ് പരസ്യമായിട്ടായിരുന്നു. എന്നാല്‍, മൗനസമ്മതം കൊടുക്കുന്ന നിലപാടായിരുന്നു രഹസ്യമായി യുഎസിന്റേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തിനായി കഴിഞ്ഞ 8 മാസം ഇസ്രയേല്‍ നടത്തിവന്ന തയാറെടുപ്പുകള്‍ യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ഉറക്കം കെടു ത്തിയിരുന്നു. ട്രംപിനെ അറിയിക്കാതെ ഇസ്രയേല്‍ പൊടുന്നനെ ഇറാനെ ആക്രമിക്കുമോ എന്ന് അവര്‍ ഭയന്നു. ട്രംപിനെ അറിയിച്ച് അനുവാദം വാങ്ങിയിട്ടേ മുന്നോട്ടുള്ളൂ എന്നതും ഇസ്രയേല്‍ നീക്കമായിരുന്നു. എന്തായാലും ഇറാനുമായി ബന്ധം മെച്ചപ്പെടുത്താനുദ്ദേശിച്ച ആണവക്കരാര്‍ സാധ്യമാക്കാമെന്ന ട്രംപിന്റെ പ്രതീക്ഷയ്ക്കാണു മങ്ങലേറ്റിരിക്കുന്നത്.















