അറബി കടലിൽ അടിയന്തര ലാൻഡിംഗ് നടത്തി യുഎസ് നാവികസേനയുടെ ഹെലികോപ്റ്റർ; ഒരു സൈനികനെ കാണാതായി, തിരച്ചിൽ തുടരുന്നു

വാഷിംഗ്ടൺ: അറബി കടലിൽ യുഎസ് നാവികസേനയുടെ യുദ്ധവിമാന വാഹിനി കപ്പലിൽ നിന്നുള്ള ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി. ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ നാവികസേന രക്ഷപെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായിട്ടില്ല. കാണാതായ സൈനികനായി കടലിൽ വൻ തിരച്ചിൽ തുടരുകയാണെന്ന് യുഎസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു.

യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എംഎച്ച്-60എസ് സീ ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശത്രുരാജ്യങ്ങളുടെ ആക്രമണം മൂലമല്ല അപകടമെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപെടുത്തിയ മൂന്ന് ജീവനക്കാരെയും യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് കപ്പലിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തെക്കുറിച്ച് യുഎസ് നാവികസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

യുഎസും ഇറാനും തമ്മിൽ നിലനിന്നിരുന്ന കടുത്ത സൈനിക പ്രതിസന്ധിക്ക് താൽക്കാലിക വെടിനിർത്തലിലൂടെ നേരിയ ശമനമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ അപകടം നടക്കുന്നത്. വെടിനിർത്തലിനെത്തുടർന്ന് രാജ്യാന്തര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ആഗോള വിപണിയിൽ എണ്ണവില കുറയുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത 60 ദിവസത്തിനകം ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഇറാൻ്റെ ആണവപദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളും യുഎസ് ഉപരോധങ്ങളും നിലനിൽക്കുന്നതിനാൽ മേഖലയിലെ സമാധാനം എത്രത്തോളം സുരക്ഷിതമാണെന്നതിൽ രാഷ്ട്രീയ നിരീക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

US Navy helicopter crashes in Arabian Sea; one soldier missing, search continues

More Stories from this section

family-dental
witywide