വാഷിങ്ടൺ: ഇറാനെതിരെ തുടർച്ചയായ 13-ാം രാത്രിയും അമേരിക്ക വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കപ്പലുകൾക്കും ചരക്കുകൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
“കപ്പലുകൾക്കും ചരക്കുകൾക്കും അനുബന്ധ സ്വത്തുക്കൾക്കും സംഭവിക്കുന്ന എല്ലാ നാശനഷ്ടങ്ങൾക്കും ഇറാന്റെ മരവിപ്പിച്ച പണത്തിൽ നിന്നായിരിക്കും നഷ്ടപരിഹാരം നൽകുക. അതിന്റെ തുക വളരെ വലുതായിരിക്കും,” ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ ശക്തമായി വിമർശിച്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി, ഇത് അന്താരാഷ്ട്ര തലത്തിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്ന നടപടിയാണെന്ന് ആരോപിച്ചു. “സർക്കാരുകൾ മറ്റൊരു രാജ്യത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നത് സാധാരണമാക്കിയാൽ പിന്നീട് ആരുടെയും സ്വത്തുക്കൾ സുരക്ഷിതമായിരിക്കില്ല,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ ആക്രമണം. ഇതോടെ ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും കപ്പൽഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായി. ഇറാന്റെ ബന്ദർ അബ്ബാസ് തുറമുഖ നഗരവും ഖെഷ്‌ം ദ്വീപും ഉൾപ്പെടെയുള്ള പ്രധാന സൈനിക-വാണിജ്യ കേന്ദ്രങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമുദ്രപാതകളിലെ കപ്പൽഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക ശേഷി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, സമുദ്ര സൈനിക സൗകര്യങ്ങൾ എന്നിവയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നും അമേരിക്ക വ്യക്തമാക്കി. സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 24-ന് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് ഒരു എണ്ണക്കപ്പൽ മാത്രമാണ്. മേയ് 7ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കപ്പൽഗതാഗതമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതായും ജോർദാനിലും മുന്നറിയിപ്പ് അലാറങ്ങൾ പ്രവർത്തിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ജൂണിൽ അമേരിക്കയും ഇറാനും സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ധാരണയിലെത്തിയിരുന്നെങ്കിലും, പിന്നീട് ഹോർമുസ് മേഖലയിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് വെടിനിർത്തൽ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തുകയാണ്.
US says it will use frozen Iranian assets to fund damage to ships as strikes continue














