
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ താൽക്കാലികമായി കപ്പൽ ഗതാഗതം സാധ്യമാക്കുന്നതിനുള്ള കരട് ചട്ടക്കൂടിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായി ഇറാനും ഒമാനും വെളിപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. തന്ത്രപ്രധാനമായ ഈ ജലപാതയിലെ കടൽമൈനുകൾ നീക്കം ചെയ്യാൻ സംയുക്തമായി ശ്രമിക്കുമെന്നും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ അന്താരാഷ്ട്ര വിപണിയിലെ ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 3 ശതമാനം ഇടിഞ്ഞ് ബാരലിന് 86 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ ക്രൂഡ് വില 2.8 ശതമാനം കുറഞ്ഞ് ബാരലിന് 80 ഡോളറിലെത്തി.
ഇറാനുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്ക് നേരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ ആഴ്ച ഇതുവരെ ബ്രെന്റ്, ഡബ്ല്യു.ടി.ഐ നിരക്കുകളിൽ യഥാക്രമം 9 ശതമാനവും 8 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.
അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങളുടെ സമയക്രമത്തെക്കുറിച്ചോ നടപ്പിലാക്കുന്ന രീതിയെക്കുറിച്ചോ വ്യക്തതയില്ലാത്തതിനാൽ, വിപണിയിലെ നിക്ഷേപകരും വ്യാപാരികളും നിലവിൽ ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഡോയിചെ ബാങ്ക് വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.














