
ലോസ് ആഞ്ചലസ്: സൗത്ത് ലോസ് ആഞ്ചലസിലെ മുതിർന്ന പൗരന്മാർക്കായുള്ള പരിചരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ‘പ്രോഗ്രസീവ് ഹോം ഫോർ ദി എൽഡർലി’ എന്ന സ്ഥാപനത്തിന്റെ ലോബിയിലാണ് സംഭവം. ഇവിടെ തന്നെയുള്ള ഒരു ജീവനക്കാരനാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ ലോസ് ആഞ്ചലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥാപനത്തിലെ ജീവനക്കാരായ അറുപത് വയസ്സുകാരനായ പുരുഷനും, 40-ഉം 70-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കുമാണ് വെടിയേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് ഡെപ്യൂട്ടി ചീഫ് മാർക്ക് റെയ്‌ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെടിവെപ്പിന് ശേഷം ആറ് നിലകളുള്ള കെട്ടിടത്തിന്റെ മറ്റൊരു നിലയിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
നൂറിലധികം അന്തേവാസികൾ താമസിക്കുന്ന കെയർ ഹോമിൽ വെടിവെപ്പ് നടന്നെങ്കിലും പ്രായമായ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമായി. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തി വലിയൊരു ദുരന്തം ഒഴിവാക്കിയ സുരക്ഷാ ഉദ്യോഗസ്ഥരെ ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ പ്രസിഡന്റ് മാർക്വിസ് ഹാരിസ്-ഡോസൺ അഭിനന്ദിച്ചു. മുതിർന്ന പൗരന്മാർ താമസിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ ആയുധങ്ങൾ എത്തുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
3 workers injured in shooting at Los Angeles senior living facility















