ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ പുരോഗമിക്കവെ നിർണായക നീക്കവുമായി രാജ്യത്തെ പ്രമുഖ അറബ് പാർട്ടിയായ ‘റആം’ (Ra’am). യാതൊരു സഖ്യ ഉപാധികളും മുൻപോട്ടുവെക്കാതെ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ റആം പാർട്ടി തീരുമാനിച്ചു. ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ 8 സീറ്റുകളുള്ള, അറബ് വംശജരെ പ്രതിനിധീകരിക്കുന്ന മിതവാദ പാർട്ടിയാണ് റആം. എന്നാൽ 120 അംഗ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, റആമിന്റെ എട്ട് സീറ്റുകൾ കൂടിയാകുമ്പോൾ ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 56 സീറ്റുകൾ മാത്രമേ തികയ്ക്കാനാകൂ. അതിനാൽ തന്നെ ഇനി അറബ് പാർട്ടികളുടെ മറ്റൊരു സഖ്യമായ ‘ജോയിന്റ് ലിസ്റ്റ്’ കൈക്കൊള്ളുന്ന തീരുമാനം സർക്കാരുണ്ടാക്കുന്നതിൽ നിർണായകമാകും.
യാഷർ പാർട്ടി നേതാവായ ഗാദി ഐസൻകോട്ട് കഴിഞ്ഞ ദിവസമാണ് അറബ് പാർട്ടികളുടെ മുന്നിലേക്ക് സഖ്യരൂപീകരണത്തിനായി നാല് കർശന ഉപാധികൾ വച്ചത്. ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കുക, ഹമാസിന്റെ നിരായുധീകരണത്തെ പിന്തുണയ്ക്കുക, ഇസ്രയേലിനെ ജൂത-ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരന്മാർക്കും സൈനിക അല്ലെങ്കിൽ സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് ഐസൻകോട്ടിന്റെ പ്രധാന വ്യവസ്ഥകൾ. ഇടത്-പലസ്തീൻ ആഭിമുഖ്യമുള്ള അറബ് പാർട്ടികളുടെ പിന്തുണ ഉപാധികളില്ലാതെ സ്വീകരിച്ചാൽ തങ്ങളുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്റെ ഈ നീക്കം.
ഐസൻകോട്ടിന്റെ നാല് ഉപാടികളിൽ പ്രത്യേകിച്ച് ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന നിബന്ധനയോട് വിയോജിപ്പുള്ളതിനാലാണ് ജോയിന്റ് ലിസ്റ്റ് ഇതുവരെ നിലപാട് വ്യക്തമാക്കാത്തത്. ഒരു ഉപാധിയുമില്ലാതെ റആം പാർട്ടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ജോയിന്റ് ലിസ്റ്റ് കൂടി ഐസൻകോട്ടിനൊപ്പം നിന്നാൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം തികച്ച് ഭരണം പിടിക്കാൻ സാധിക്കും. എങ്കിലും ജോയിന്റ് ലിസ്റ്റിന്റെ നിലപാട് എന്താകുമെന്നതിനെ ആശ്രയിച്ചാകും ഇസ്രയേൽ രാഷ്ട്രീയത്തിലെ അടുത്ത നീക്കങ്ങൾ.
Ra’am Pledges Unconditional Support to Eisenkot; Joint List’s Decision Now Crucial in Israel














