തോറ്റിട്ടും ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ട്രംപ്, കുടിയേറ്റ വിരുദ്ധ നടപടികളിൽ മാറ്റമില്ല; കർശന നടപടികളുമായി മുന്നോട്ടു പോകാൻ യുഎസ് ഭരണകൂടം

വാഷിം​ഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ടെങ്കിലും, അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളിൽ നിന്നും പൗരത്വ പരിശോധനകളിൽ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകാരനായ സ്റ്റീഫൻ മില്ലറെ പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, കുടിയേറ്റ വിരുദ്ധ വേട്ടയും നാടുകടത്തൽ നടപടികളും കൂടുതൽ ശക്തിപ്പെടുമെന്ന് സി.ബി.എസ് ന്യൂസിനോട് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ടെക്സാസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലാറ്റിനോ വോട്ടർമാർ കൂട്ടത്തോടെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് മാറിയതും, രാജ്യത്തെ 58 ശതമാനം വോട്ടർമാരും ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തൽ നടപടികൾ ‘പരിധി ലംഘിച്ചു’ എന്ന് എക്സിറ്റ് പോളുകളിൽ അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായിരുന്നു. അടുത്ത ജനുവരിയിൽ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഏറ്റെടുക്കുന്ന ഡെമോക്രാറ്റുകൾ ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനിരിക്കെയാണ് വൈറ്റ് ഹൗസിന്റെ ഈ കടുത്ത നിലപാട്.

ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനും ഐ.സി.ഇക്കും നാടുകടത്തൽ നടപടികൾ കുറയ്ക്കാനുള്ള യാതൊരു നിർദ്ദേശവും ഇതുവരെ നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിവാരം 19,000 പേരെയും ദിവസേന 2,700 പേരെയും വീതം കസ്റ്റഡിയിലെടുത്ത് നാടുകടത്താനുള്ള അടിയന്തര നിർദ്ദേശമാണ് നിലവിൽ ഐ.സി.ഇ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്. സ്റ്റീഫൻ മില്ലറുടെ കടന്നുവരവോടെ നിയമപരമായ കുടിയേറ്റങ്ങൾക്ക് പോലും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്.

More Stories from this section

family-dental
witywide