ആശ്വാസ വാർത്ത! പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം പഴയ നിലയിലേക്ക്; യുദ്ധത്തിന് മുമ്പുള്ളതിന്റെ 80 ശതമാനത്തോളം എത്തിയതായി ഷെൽ സിഇഒ

ലണ്ടൻ: യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ 80 ശതമാനത്തിലധികമായി പുനഃസ്ഥാപിക്കപ്പെട്ടതായി പ്രമുഖ ആഗോള എണ്ണ-വാതക കമ്പനിയായ ഷെല്ലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വാൽ സാവാൻ വ്യക്തമാക്കി. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ലണ്ടനിൽ നടന്ന എനർജി ഇന്റലിജൻസ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മേഖലയിൽ രൂക്ഷമായ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും എണ്ണനീക്കം പഴയതിന്റെ 80 ശതമാനത്തിലധികം നിലവാരത്തിലേക്ക് ഉയർന്നുവെന്നും, ലോകത്തിന് തടസ്സമില്ലാതെ ഊർജ്ജമെത്തിക്കാനുള്ള പ്രതിബദ്ധത പാലിക്കുന്നതിൽ പല പശ്ചിമേഷ്യൻ രാജ്യങ്ങളും വലിയ ഇച്ഛാശക്തിയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമാകുന്നത് അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. ജലപാതയിൽ ഇരുപക്ഷവും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ മൂലം, ഇറാൻ-അമേരിക്കൻ സൈനിക വിഭാഗങ്ങളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി ചരക്കുകപ്പലുകൾ തങ്ങളുടെ ട്രാക്കിങ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കി സഞ്ചരിക്കുന്നതാണ് കാരണം. എന്നാൽ കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമ്പോഴും, കഴിഞ്ഞ ആഴ്ച മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ ഉയർന്നതായി സമുദ്ര നിരീക്ഷണ ഏജൻസിയായ കെപ്ലർ ഈ ആഴ്ച വ്യക്തമാക്കുകയുണ്ടായി.

More Stories from this section

family-dental
witywide