‘ട്രംപ് അക്കൗണ്ടുകൾ’ ഭാവിയിൽ വിരമിക്കൽ സമ്പാദ്യമായി വളരും; സോഷ്യൽ സെക്യൂരിറ്റിക്കൊപ്പം സഹായകമാകുമെന്നും സ്കോട്ട് ബെസന്റ്

വാഷിങ്ടൺ: കുട്ടികൾക്കായി ആരംഭിച്ച ‘ട്രംപ് അക്കൗണ്ടുകൾ’ ഭാവിയിൽ വലിയ വിരമിക്കൽ സമ്പാദ്യമായി മാറുമെന്നും സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾക്കൊപ്പം ഉപയോഗിക്കാനാകുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ചെറുപ്പത്തിൽ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം പതിറ്റാണ്ടുകളോളം വളർന്ന് വിരമിക്കൽ കാലത്ത് വലിയ സാമ്പത്തിക സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവാനിയയിലെ ഹാരിസ്ബർഗിൽ നടന്ന പരിപാടിയിലാണ് ബെസന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

62, 65, 70 എന്നീ പ്രായങ്ങളിൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാകുന്നതിനാൽ, ട്രംപ് അക്കൗണ്ടിലെ നിക്ഷേപം വിരമിക്കൽ വരെ തുടർന്നാൽ അതിന് പുറമെ വലിയൊരു സമ്പാദ്യം കൈവരിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ 1 മുതൽ ട്രംപ് അക്കൗണ്ടുകളിലേക്ക് ഓട്ടോമാറ്റിക് എൻറോൾമെന്റ് ആരംഭിച്ചിട്ടുണ്ട്. സാധുവായ സോഷ്യൽ സെക്യൂരിറ്റി നമ്പറുള്ള 18 വയസ്സിന് താഴെയുള്ള ഏകദേശം 7 കോടി കുട്ടികളുടെ പേരിൽ അക്കൗണ്ടുകൾ നിലവിൽ തുറന്നിട്ടുണ്ട്. എന്നാൽ അക്കൗണ്ട് സജീവമാക്കാൻ മാതാപിതാക്കളോ രക്ഷിതാക്കളോ അത് ക്ലെയിം ചെയ്യണം.

അർഹരായ കുട്ടികൾക്ക് 1,000 ഡോളർ പ്രാരംഭ നിക്ഷേപമായി ലഭിക്കും. എന്നാൽ അക്കൗണ്ട് ഓട്ടോമാറ്റിക്കായി തുറന്നതുകൊണ്ട് ഈ തുക നേരിട്ട് നിക്ഷേപിക്കില്ല. മാതാപിതാക്കളോ രക്ഷിതാക്കളോ ആദ്യം അക്കൗണ്ട് ക്ലെയിം ചെയ്യണം.മാതാപിതാക്കൾക്ക് വർഷം പരമാവധി 5,000 ഡോളർ വരെ അക്കൗണ്ടിൽ നിക്ഷേപിക്കാം. തൊഴിലുടമകൾക്കും സംഭാവന നൽകാം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ജീവകാരുണ്യ സംഘടനകളിൽനിന്നുള്ള സംഭാവനകളും ലഭിക്കാം. കിൻഡർഗാർഡനിൽ പഠിക്കുന്ന ഒരു കുട്ടി ഏതാനും ആയിരം ഡോളർ നിക്ഷേപിച്ച് അത് ദീർഘകാലം നിക്ഷേപമായി നിലനിർത്തിയാൽ വിരമിക്കൽ പ്രായമാകുമ്പോഴേക്കും ഏകദേശം 5 ലക്ഷം ഡോളറായി വളരാമെന്നാണ് ബെസന്റിന്റെ കണക്കുകൂട്ടൽ.

കൂടുതൽ അമേരിക്കക്കാരെ നിക്ഷേപകരാക്കുന്ന ‘ഓണർഷിപ്പ് ഇക്കോണമി’ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഏകദേശം 3.5 ലക്ഷം ഫോസ്റ്റർ കെയർ കുട്ടികൾക്കും ട്രംപ് അക്കൗണ്ടുകൾക്ക് അർഹതയുണ്ടാകുമെന്ന് ബെസന്റ് പറഞ്ഞു. അർഹരായ കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചട്ടങ്ങൾ പ്രകാരം സമ്പന്നരായ വ്യക്തികൾക്കും മറ്റ് കുട്ടികളുടെ ട്രംപ് അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താം.

സ്‌പേസ്‌എക്‌സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്‌വെൽ താഴ്ന്ന വരുമാന മേഖലകളിൽ താമസിക്കുന്ന 11 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി 20 ലക്ഷത്തിലധികം ഓഹരികൾ സംഭാവന ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ ട്രംപ് അക്കൗണ്ട് സ്വമേധയാ വ്യക്തിഗത റിട്ടയർമെന്റ് അക്കൗണ്ടായി (IRA) മാറും. അതിനാൽ കുട്ടിക്കാലത്ത് ആരംഭിക്കുന്ന നിക്ഷേപം പിന്നീട് വിരമിക്കൽ സമ്പാദ്യമായി തുടർന്നും വളരാൻ കഴിയും. സോഷ്യൽ സെക്യൂരിറ്റിക്കൊപ്പം ഉപയോഗിക്കാവുന്ന അധിക സാമ്പത്തിക സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബെസന്റ് കൂട്ടിച്ചേർത്തു.

Trump Accounts could grow into retirement savings: US Treasury Secretary Scott Bessent says child accounts may complement Social Security

More Stories from this section

family-dental
witywide