
ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷമാക്കാൻ അമേരിക്കയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ തെക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്മസ് കാഴ്ചകൾ യാത്രാപട്ടികയിൽ ഉൾപ്പെടുത്താം. വർണാഭമായ ദീപാലങ്കാരങ്ങൾ, മാന്ത്രിക ട്രെയിൻ യാത്രകൾ, കടലിലെ ബോട്ട് പരേഡ്, രുചികരമായ ക്രിസ്മസ് വിരുന്നുകൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി അനുഭവങ്ങളാണ് നോർത്ത് കരോലിന, മിസിസിപ്പി, ടെന്നസി, ലൂസിയാന സംസ്ഥാനങ്ങളിൽ ഒരുങ്ങുന്നത്. കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഏഴ് പ്രധാന ക്രിസ്മസ് ആകർഷണങ്ങൾ പരിചയപ്പെടാം.
1. പോളാർ എക്സ്പ്രസിൽ ഉത്തരധ്രുവത്തിലേക്ക്; നോർത്ത് കരോലിന
പ്രശസ്തമായ ‘ദി പോളാർ എക്സ്പ്രസ്’ സിനിമയിലെ രംഗങ്ങൾ നേരിൽ അനുഭവിക്കാനുള്ള അവസരമാണ് നോർത്ത് കരോലിനയിലെ ബ്രൈസൺ സിറ്റിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് റെയിൽറോഡിന്റെ പ്രത്യേക ക്രിസ്മസ് ട്രെയിനിലാണ് ഈ യാത്ര.
സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ പൈജാമ ധരിച്ചെത്തുന്ന കുട്ടികൾക്ക് ചൂടുള്ള കൊക്കോയും പലഹാരങ്ങളും നൽകും. സിനിമയിലെ ഗാനങ്ങൾക്കൊപ്പം ഉത്തരധ്രുവത്തിലേക്ക് നീങ്ങുന്ന ട്രെയിൻ യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. യാത്രയുടെ അവസാനത്തിൽ സാന്താക്ലോസ് കുട്ടികൾക്ക് സമ്മാനങ്ങളുമായി കാത്തിരിക്കുന്നുണ്ടാകും.
2. ട്വീറ്റ്സി റെയിൽറോഡിലെ ക്രിസ്മസ് ഗ്രാമം; നോർത്ത് കരോലിന
ബ്ലൂ റിഡ്ജ് മലനിരകളുടെ പശ്ചാത്തലത്തിൽ ഒരു വൈൽഡ് വെസ്റ്റ് ക്രിസ്മസ് ആഘോഷിക്കാം. നോർത്ത് കരോലിനയിലെ ബ്ലോയിങ് റോക്കിലുള്ള ട്വീറ്റ്സി റെയിൽറോഡാണ് ഇതിനുള്ള വേദി.
ചരിത്രപ്രസിദ്ധമായ ആവി എൻജിൻ ട്രെയിനിലെ യാത്രയാണ് പ്രധാന ആകർഷണം. സാന്താക്ലോസിന്റെ ജിഞ്ചർബ്രെഡ് ഹൗസ് സന്ദർശിക്കാനും തീക്കുണ്ഡത്തിന് ചുറ്റുമിരുന്ന് ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കാനും ഇവിടെ അവസരമുണ്ട്. കുട്ടികളോടൊപ്പമുള്ള യാത്രയ്ക്ക് മികച്ചൊരു അനുഭവമായിരിക്കും ഇത്.
3. കടലിൽ വർണവിസ്മയം തീർത്ത് ക്രിസ്മസ് ബോട്ട് പരേഡ്; മിസിസിപ്പി
ക്രിസ്മസ് ആഘോഷങ്ങൾ കരയിൽ മാത്രമല്ല, കടലിലും ആസ്വദിക്കാം. മിസിസിപ്പിയിലെ ബിലോക്സി ഉൾക്കടലിൽ നടക്കുന്ന ‘ക്രിസ്മസ് ഓൺ ദി വാട്ടർ’ ബോട്ട് പരേഡ് അതിന്റെ ഉദാഹരണമാണ്.
വർണവിളക്കുകളും ക്രിസ്മസ് അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയ ബോട്ടുകൾ കടലിലൂടെ അണിനിരന്ന് നീങ്ങുന്ന കാഴ്ചയാണ് പ്രധാന ആകർഷണം. പരേഡിനൊപ്പം നടക്കുന്ന കരിമരുന്ന് പ്രയോഗവും ആഘോഷത്തിന് മാറ്റുകൂട്ടും. ഡിസംബറിലെ ആദ്യ ശനിയാഴ്ച നടക്കുന്ന പരിപാടി കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
4. 70-ലധികം ക്രിസ്മസ് ട്രീകളുമായി മെറെഹോപ്പ് കൊട്ടാരം; മിസിസിപ്പി
ക്രിസ്മസ് ട്രീകളുടെ വിസ്മയലോകം കാണാൻ മിസിസിപ്പിയിലെ മെറെഹോപ്പ് കൊട്ടാരത്തിലെത്താം. മെറിഡിയൻ നഗരത്തിലുള്ള 20 മുറികളുള്ള പുരാതന മന്ദിരം ക്രിസ്മസ് കാലത്ത് ദീപാലങ്കാരങ്ങളാൽ മനോഹരമായി മാറും.
‘ട്രീസ് ഓഫ് ക്രിസ്മസ്’ എന്ന പേരിലുള്ള പ്രദർശനത്തിൽ 70-ലധികം വ്യത്യസ്ത രീതിയിൽ അലങ്കരിച്ച ക്രിസ്മസ് ട്രീകളാണ് ഒരുക്കുന്നത്. ആയിരക്കണക്കിന് വർണവിളക്കുകളും ക്രിസ്മസ് അലങ്കാരങ്ങളും കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു. നവംബർ 22 മുതൽ ഡിസംബർ 31 വരെയാണ് പ്രദർശനം.
5. 60 ലക്ഷത്തിലധികം വിളക്കുകളുമായി ഡോളിവുഡ്; ടെന്നസി
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിസ്മയിപ്പിക്കുന്ന ദീപാലങ്കാരങ്ങളാണ് ടെന്നസിയിലെ ഡോളിവുഡ് തീം പാർക്കിൽ ഒരുക്കുന്നത്. പ്രശസ്ത ഗായിക ഡോളി പാർട്ടന്റെ ഉടമസ്ഥതയിലുള്ള പാർക്ക് 60 ലക്ഷത്തിലധികം വർണവിളക്കുകളാൽ അലങ്കരിക്കും.
2026 നവംബർ 6 മുതൽ 2027 ജനുവരി 3 വരെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ക്രിസ്മസ് സംഗീത പരിപാടികൾ, പ്രത്യേക സ്റ്റേജ് ഷോകൾ, രുചികരമായ ഭക്ഷണവിഭവങ്ങൾ, മനോഹരമായ ദീപാലങ്കാരങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
6. ഐസ് ശിൽപങ്ങളും സർക്കസ് പ്രകടനങ്ങളുമായി നാഷ്വിൽ; ടെന്നസി
നാഷ്വിലിലെ ഗെയ്ലോർഡ് ഓപ്രിലാൻഡ് റിസോർട്ടിൽ നടക്കുന്ന ‘എ കൺട്രി ക്രിസ്മസ്’ ആഘോഷം മറ്റൊരു പ്രധാന ആകർഷണമാണ്. 30 ലക്ഷത്തിലധികം വർണവിളക്കുകൾ റിസോർട്ടിനെ പ്രകാശപൂരിതമാക്കും.
‘ഹോം എലോൺ’ സിനിമയിലെ രംഗങ്ങൾ അടിസ്ഥാനമാക്കി ഒരുക്കുന്ന ഭീമൻ ഐസ് ശിൽപങ്ങളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഐസ് ട്യൂബിങ്, അക്രോബാറ്റിക് പ്രകടനങ്ങൾ ഉൾപ്പെടുന്ന സർക്കസ് ഷോ തുടങ്ങിയ വിനോദങ്ങളും ആസ്വദിക്കാം. ജനുവരി 2 വരെയാണ് ആഘോഷങ്ങൾ.
7. രുചിയുടെ ക്രിസ്മസ് വിരുന്നുമായി ന്യൂ ഓർലിയൻസ്; ലൂസിയാന
ഭക്ഷണപ്രിയർക്ക് ഒഴിവാക്കാനാകാത്ത ക്രിസ്മസ് അനുഭവമാണ് ലൂസിയാനയിലെ ന്യൂ ഓർലിയൻസിലെ ‘റെവിയോൺ’ വിരുന്ന്. ഫ്രഞ്ച് പാരമ്പര്യത്തിൽനിന്ന് രൂപംകൊണ്ട ഈ ആഘോഷം ക്രിസ്മസ് രാവിനെ വരവേൽക്കാൻ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന പ്രത്യേക വിരുന്നാണ്.
ഡിസംബർ മാസത്തിൽ നഗരത്തിലെ നിരവധി പ്രമുഖ റെസ്റ്റോറന്റുകളിൽ റെവിയോൺ ഡിന്നർ ഒരുക്കാറുണ്ട്. ബ്രെന്നൻസ്, അർനോഡ്സ് തുടങ്ങിയ പ്രശസ്ത ഭക്ഷണശാലകളിൽ പ്രത്യേക ക്രിസ്മസ് മെനുവും പരമ്പരാഗത വിഭവങ്ങളും ആസ്വദിക്കാം.














