കൊലപാതകത്തിന് ശേഷം തീയിട്ടതെന്ന് സംശയം; മിഷിഗണിൽ 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 8 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിലുള്ള ഗ്രാൻഡ് ഹാവൻ ടൗൺഷിപ്പിൽ ഒരു കുടുംബത്തെ മുഴുവൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് മുതിർന്നവരും 5 നും 15 നും ഇടയിൽ പ്രായമുള്ള 6 കുട്ടികളുമാണ് മരിച്ചത്. തീപിടുത്തമുണ്ടായ വീടിനുള്ളിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജനവാസ മേഖലയിലെ ആഡംബര വീടുകളിലൊന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുന്നത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ച ശേഷം നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ വിവിധ ഭാഗങ്ങളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരിൽ ചിലരുടെ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ കണ്ടെത്തിയതായി ഒട്ടാവ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംഭവം സാധാരണ അപകടമല്ലെന്നും, കൊലപാതകത്തിന് ശേഷം പ്രതി തീയിട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കുടുംബാംഗങ്ങളിൽ ആരെങ്കിലും മറ്റുള്ളവരെ വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തതാണോ എന്ന സംശയത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പുറത്തുനിന്നുള്ള മറ്റാരുടെയും ഇടപെടൽ നിലവിൽ സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

മിഷിഗൺ സ്റ്റേറ്റ് പൊലീസിൻ്റെ പ്രത്യേക ആർസൺ വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്. മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നടുക്കമുളവാക്കുന്ന ഈ ദാരുണ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഒട്ടാവ കൗണ്ടി പൊലീസ് അറിയിച്ചു.

8 members of a family, including 6 children, found dead inside house in Michigan

More Stories from this section

family-dental
witywide