ഓവൽ ഓഫീസ് ‘ദേശീയ സ്മാരക’മാക്കി എക്സിക്യൂട്ടീവ് ഉത്തരവ് ; ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്ന് ഭാവി പ്രസിഡൻ്റുമാരെ തടഞ്ഞ് ട്രംപ്

വാഷിംഗ്ടൺ: ഭാവിയിൽ അധികാരത്തിൽ വരുന്ന പ്രസിഡന്റുമാർക്ക് വൈറ്റ് ഹൗസിലെ ഔദ്യോഗിക മുറിയായ ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തുന്നത് തടഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിറക്കി. തന്റെ രണ്ടാം ഔദ്യോഗിക കാലാവധിയിൽ ഓവൽ ഓഫീസിൽ വലിയ തോതിൽ സ്വർണ്ണ അലങ്കാരങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണായക നീക്കം.

ഓവൽ ഓഫീസിനെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതായി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. “ബുദ്ധിശൂന്യരായ ആളുകൾക്ക് ഇനി ഈ ചരിത്ര ഇടത്തിൽ തൊടാനോ, ഇതിനെ നശിപ്പിക്കാനോ, രൂപമാറ്റം വരുത്താൻ വേണ്ടി പൊളിച്ചുകളയാനോ അനുവാദമുണ്ടാകില്ല,” ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിന്റെ കിഴക്കേ വിഭാഗം മുഴുവനായും പൊളിച്ചുനീക്കി പുതിയ ബാൾ റൂം പണിയാനുള്ള ട്രംപിന്റെ പ്രൊജക്റ്റ് നിയമപരമായ വെല്ലുവിളികൾ നേരിടുന്നതിനിടയിലാണ് പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നിലവിൽ വൈറ്റ് ഹൗസിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ യുഎസ് കോൺഗ്രസിന്റെ (പാർലമെന്റ്) അനുമതി ആവശ്യമാണ്.

പുതിയ ഉത്തരവ് പ്രകാരം ഓവൽ ഓഫീസും അതിനോട് ചേർന്നുള്ള ചില മുറികളും ദേശീയ സ്മാരകത്തിന്റെ പരിധിയിൽ വരും. ഇതിന്റെ സംരക്ഷണ ചുമതല നാഷണൽ പാർക്ക് സർവീസിനായിരിക്കും. എന്നാൽ, മുറിയുടെ ചരിത്രപരമായ ഘടനയ്ക്ക് കേടുപാടുകൾ വരുത്താത്ത രീതിയിൽ ഫർണിച്ചറുകൾ മാറ്റാനോ സാധാരണ സുരക്ഷാ ക്രമീകരണങ്ങൾ വരുത്താനോ ഉള്ള അധികാരം ഭാവി പ്രസിഡന്റുമാർക്കും ഉണ്ടായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

താൻ ചുമതലയേൽക്കുന്നതിന് മുൻപ് വൈറ്റ് ഹൗസും ഓവൽ ഓഫീസും ചുവരുകളിൽ വിള്ളലുകളുമായും പൊട്ടിയ ജനലുകളുമായും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപ് വരുത്തിയ മാറ്റങ്ങളിൽ ഭൂരിഭാഗവും ബാഹ്യമായ അലങ്കാരങ്ങൾ മാത്രമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ഓഫീസിന് പുറത്ത് ‘ഓവൽ ഓഫീസ്’ എന്നെഴുതിയ വലിയ സ്വർണ്ണ ഫലകം സ്ഥാപിക്കുക, പ്രശസ്തമായ റോസ് ഗാർഡൻ കോൺക്രീറ്റ് ചെയ്യുക, പുതിയ ഹെലികോപ്റ്റർ പാഡ് നിർമ്മിക്കുക എന്നിവയാണ് ഇതിൽ പ്രധാനം.

അതേസമയം, ട്രംപിന്റെ പുതിയ നീക്കത്തിനെതിരെ പൈതൃക സംരക്ഷണ നിയമവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെയാണ് വാഷിംഗ്ടണിൽ വലിയ തോതിലുള്ള നഗര സൗന്ദര്യവൽക്കരണ പദ്ധതികളുമായി ട്രംപ് മുന്നോട്ട് പോകുന്നത്. കെന്നഡി സെന്റർ നവീകരണവും നഗരത്തിൽ പുതിയ വിജയ കവാടം നിർമ്മിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

ട്രംപിന്റെ നടപടി വെറും ‘ഇരട്ടത്താപ്പ്’ മാത്രമാണെന്ന് ചരിത്രസംരക്ഷണ നിയമ സ്ഥാപനമായ കൾച്ചറൽ ഹെറിറ്റേജ് പാർട്ണേഴ്സിലെ ഗ്രെഗ് വെർഖൈസർ വിമർശിച്ചു. ഒരു വശത്ത് ഓവൽ ഓഫീസ് സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ട്രംപ്, മറുവശത്ത് മറ്റ് ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്ന നിയമങ്ങളെ കോടാലി വെച്ച് തകർക്കുകയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ട്രംപിന്റെ പുതിയ റീഡിസൈനുകളെ പരിഹസിച്ചുകൊണ്ട് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കളും രംഗത്തെത്തിയിരുന്നു. വൈറ്റ് ഹൗസിലെ പുതിയ സ്വർണ്ണ അലങ്കാരങ്ങൾ കണ്ടാൽ ‘സദ്ദാം ഹുസൈൻ ഒരു ചീസ്കേക് ഫാക്ടറി തുടങ്ങിയതുപോലെയാണ്’ തോന്നിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരിഹാസം.

Trump prevents future presidents from making changes to the Oval Office; executive order issued.

More Stories from this section

family-dental
witywide