റിപ്പബ്ലിക്കൻ തോൽവിക്ക് പിന്നാലെ ‘വോട്ട് റെഡ് ടുഡേ’ പോസ്റ്റ് നീക്കി ഇലോൺ മസ്‌ക്

2026ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, വോട്ടർമാരോട് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത പോസ്റ്റ് ഇലോൺ മസ്‌ക് നീക്കം ചെയ്തതായി റിപ്പോർട്ട്. ‘വോട്ട് റെഡ് ടുഡേ!’ എന്ന കുറിപ്പോടെ മസ്‌ക് പങ്കുവച്ച പോസ്റ്റ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മസ്‌കോ അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരോ പോസ്റ്റ് നീക്കം ചെയ്തതായാണ് റിപ്പോർട്ട്.

സ്നോപ്സ് അന്വേഷണം നടത്തുമ്പോഴേക്കും പോസ്റ്റ് മസ്‌കിന്റെ അക്കൗണ്ടിൽ ലഭ്യമായിരുന്നില്ല. എന്നാൽ ആർക്കൈവ് ചെയ്ത പതിപ്പിലൂടെ പോസ്റ്റ് നേരത്തേ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. നീക്കം ചെയ്യുന്നതിന് മുമ്പ് ഏകദേശം 1.2 കോടി കാഴ്ചകളും പോസ്റ്റിന് ലഭിച്ചിരുന്നു. നീക്കം ചെയ്ത പോസ്റ്റിന്റെ ലിങ്ക് ഡക്ക്ഡക്ക്ഗോ സെർച്ച് ഫലങ്ങളിൽ തുടർന്നും ലഭ്യമായിരുന്നതായും സ്നോപ്സ് കണ്ടെത്തി. യഥാർഥ പോസ്റ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പേജ് നിലവിലില്ലെന്ന സന്ദേശമാണ് ലഭിച്ചത്.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി മസ്‌ക് വലിയ സാമ്പത്തിക പിന്തുണ നൽകിയിരുന്നു. 2026ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം ഏകദേശം 50 കോടി ഡോളർ ചെലവഴിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയുണ്ടായതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ടെക്സസ്, സൗത്ത് കരോലൈന, അയോവ, കൻസാസ് തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കി.

പണപ്പെരുപ്പം, ഉയർന്ന ജീവിതച്ചെലവ്, സർക്കാരിലെ അഴിമതി ആരോപണങ്ങൾ, ഇറാൻ യുദ്ധം എന്നിവയോടുള്ള വോട്ടർമാരുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിന്റെ നിയമനിർമാണ അജണ്ടയ്ക്ക് തടസ്സങ്ങൾ നേരിടാനും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ പരിശോധനയുണ്ടാകാനും സാധ്യതയുണ്ട്. ഡെമോക്രാറ്റുകളുടെ നീക്കങ്ങളെ ചെറുക്കുമെന്ന് റിപ്പബ്ലിക്കൻ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

Elon Musk deleted ‘Vote Red today’ post after Republicans’ 2026 midterm losses: Report

More Stories from this section

family-dental
witywide