
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ വാഷിംഗ്ടണിലെ ഭീമാകാരമായ സ്മാരക കമാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ യുഎസ് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. ഈ ആഴ്ച തന്നെ നിർമാണം ആരംഭിക്കാനിരിക്കെയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ടാന്യ ചുട്കാൻ നിർമാണ പ്രവർത്തനങ്ങൾക്ക് 14 ദിവസത്തെ സ്റ്റേ അനുവദിച്ചത്.
കഴിഞ്ഞ ദിവസം നാഷണൽ കാപിറ്റൽ പ്ലാനിംഗ് കമ്മീഷൻ എട്ടിനെതിരെ നാല് വോട്ടുകൾക്ക് കമാനത്തിന്റെ നിർമാണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടൽ.
അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയെ സ്വന്തം ശൈലിയിൽ മാറ്റിയെടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ‘ആർക് ഡി ട്രംപ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി. 250 അടി (72 മീറ്റർ) ഉയരത്തിൽ കൊളംബിയ ഐലൻഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കമാനത്തിന്റെ മുകളിൽ ചിറകുകളുള്ള സ്വർണ്ണനിറത്തിലുള്ള ലിബർട്ടി പ്രതിമയും ഇരുവശങ്ങളിലും സ്വർണ്ണ ഈഗിളുകളും ഉണ്ടായിരിക്കും. “One Nation Under God”, “Liberty and Justice for All” എന്നീ വചനങ്ങൾ ഇതിൽ സ്വർണ്ണലിപികളിൽ കൊത്തിവെക്കും.
കേവലം ഒരു സ്മാരകം എന്നതിലുപരി സൈനിക ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സമുച്ചയമായി കൂടി ഈ കമാനം പ്രവർത്തിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഡ്രോണുകളും സ്നൈപ്പർമാരെയും വിന്യസിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കും. ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ വാഷിംഗ്ടണിൽ മാത്രമാണ് സ്മാരക കമാനം ഇല്ലാത്തതെന്നാണ് ട്രംപ് ഇതിനെ ന്യായീകരിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ഒൻപത് മണിക്കൂറോളം നീണ്ട പൊതുജനവിചാരണയ്ക്ക് ശേഷമാണ് പ്ലാനിംഗ് കമ്മീഷൻ ഇതിന് അനുമതി നൽകിയതെങ്കിലും കനത്ത പ്രതിഷേധമാണ് പദ്ധതിക്കെതിരെ ഉയരുന്നത്. ആയിരക്കണക്കിന് യുഎസ് സൈനികർ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്രപ്രസിദ്ധമായ ‘ആർക്ലിംഗ്ടൺ നാഷണൽ സെമിത്തേരി’യുടെയും ലിങ്കൺ മെമ്മോറിയലിന്റെയും കാഴ്ചയെ ഈ ഭീമൻ നിർമിതി മറയ്ക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ചരിത്രസ്മാരകങ്ങളെക്കാൾ ഇത് ട്രംപിന്റെ വ്യക്തിപരമായ അഹങ്കാരത്തിന്റെ പ്രകടനമാണെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജാരെഡ് ഹഫ്മാൻ കുറ്റപ്പെടുത്തി. നിർമാണം തടയാൻ ബുൾഡോസറുകൾക്ക് മുന്നിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് മുൻ നയതന്ത്രജ്ഞയും സൈനികയുമായ ആൻ റൈറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പരിസ്ഥിതി മലിനീകരണം, ഗതാഗതക്കുരുക്ക്, സുരക്ഷാ ഭീഷണികൾ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നിയമപോരാട്ടങ്ങളാണ് ഈ പദ്ധതിക്കെതിരെ നിലവിലുള്ളത്. ഇതുകൂടാതെ, വൈറ്റ് ഹൗസിൽ 400 മില്യൺ ഡോളർ ചിലവിൽ നിർമിക്കുന്ന ബാൾറൂം, 106 വർഷം പഴക്കമുള്ള ഗോൾഫ് കോഴ്സിന്റെ നവീകരണം എന്നിവയും നിലവിൽ യുഎസിൽ കടുത്ത നിയമനടപടികൾ നേരിടുകയാണ്.
A US federal court has temporarily halted the construction of a massive memorial arch in Washington, a project envisioned by Trump.











