
റാലി (നോർത്ത് കരോലിന): അമേരിക്കയിലെ നോർത്ത് കരോലിനയിൽ മദ്യപിച്ച വയോധികൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് സൈക്കിൾ സവാരിക്കാരുടെ സംഘത്തിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. നോർത്ത് കരോലിനയിലെ കാരി സ്വദേശിയായ പാട്രിക് അല്ലൻ ടർണർ (63) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. പരിക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ റാലി നഗരത്തിന് സമീപമുള്ള ഒപ്റ്റിമിസ്റ്റ് ഫാം റോഡിലാണ് ദാരുണമായ സംഭവം നടന്നത്. ‘ക്യാപിറ്റൽ സൈക്ലിംഗ് ക്ലബ്ബിലെ’ അംഗങ്ങളായ മുപ്പതോളം ആളുകൾ റോഡിലൂടെ സൈക്കിൾ സവാരി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന കറുത്ത പാസഞ്ചർ കാർ റോഡിന്റെ മധ്യരേഖ മറികടന്ന് സൈക്കിൾ യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് നോർത്ത് കരോലിന സ്റ്റേറ്റ് ഹൈവേ പട്രോൾ അറിയിച്ചു.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ, അര മൈലോളം അകലെയുള്ള ഒരു കാനയിലേക്ക് മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന അപെക്സ് സ്വദേശി ഡൊണാൾഡ് റോബർട്ട് മോറിസ്-ജോൺസിനെ (76) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമായ ശേഷം നിർത്താതെ പോകൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ 19 ഓളം ഗുരുതരമായ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ലക്ഷം ഡോളറിന്റെ (ഏകദേശം 8.4 കോടി രൂപ) ബോണ്ടിലാണ് പ്രതിയെ ജയിലിലടച്ചിരിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Drunk driving leads to carnage; elderly man plows car into group of cyclists in North Carolina—one dead, 22 injured.















