ഇസ്രയേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ ചുമതലപ്പെടുത്തി പ്രസിഡന്റ് ഐസക് ഹെർസോഗ്. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിനോ പ്രതിപക്ഷ സഖ്യത്തിനോ പാർലമെന്റായ നെസെറ്റിൽ ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാം. ദേശീയ അടിയന്തര ഐക്യസർക്കാർ രൂപീകരിക്കാനുള്ള സമയമാണിതെന്നും അതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ട് എക്സിൽ കുറിച്ചു.
120 അംഗ നെസെറ്റിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തീവ്ര വലതുപക്ഷ, തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടികളും ചേർന്ന സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഐസൻകോട്ടിന്റെ മധ്യപക്ഷ പാർട്ടിയായ യഷാറിനും മറ്റ് മൂന്ന് പ്രതിപക്ഷ പാർട്ടികൾക്കുമായി 48 സീറ്റുകൾ ലഭിച്ചു. അറബ് വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തത്തിൽ രണ്ട് അറബ് സഖ്യങ്ങൾ ചേർന്ന് 19 സീറ്റുകൾ നേടി. ഇതോടെ സർക്കാർ രൂപീകരണത്തിൽ ഇവർ നിർണായക ശക്തിയായി. എന്നാൽ അറബ് പാർട്ടികളുമായി സഹകരിക്കില്ലെന്ന് മിക്ക ജൂത പാർട്ടികളും നേരത്തേ വ്യക്തമാക്കിയിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഐസൻകോട്ടിന് ആദ്യ അവസരം നൽകാൻ ഹെർസോഗ് തീരുമാനിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഐസൻകോട്ടിന് 67 പേരുടെയും നെതന്യാഹുവിന് 46 പേരുടെയും പിന്തുണ ലഭിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നെതന്യാഹുവും ഐസൻകോട്ടും ചേർന്നുള്ള ദേശീയ ഐക്യസർക്കാർ, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം, അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്നിവയാണ് മുന്നിലുള്ള സാധ്യതകൾ.
എന്നാൽ അറബ് പാർട്ടികളുമായോ തീവ്ര ഓർത്തഡോക്സ് ജൂത പാർട്ടികളുമായോ ധാരണയിലെത്തുന്നത് ഐസൻകോട്ടിന് വെല്ലുവിളിയാകും. 2020ൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകൾക്കുശേഷം നെതന്യാഹുവും മധ്യപക്ഷ നേതാവ് ബെന്നി ഗാന്റ്സും അധികാരം പങ്കിടാൻ ധാരണയിലെത്തിയിരുന്നു. 2019 മുതൽ 2022 വരെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം ഇസ്രയേലിൽ അഞ്ച് തവണയാണ് തിരഞ്ഞെടുപ്പ് നടന്നത്. വീണ്ടും തിരഞ്ഞെടുപ്പ് ഒഴിവാക്കി സുസ്ഥിര സർക്കാർ രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഹെർസോഗ് ആവശ്യപ്പെട്ടു.
Israel’s president tasks opposition leader Eisenkot with forming government














