
ലണ്ടൻ: സാധാരണയായി വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർ മടങ്ങുമ്പോൾ ഓർമ്മയ്ക്കായി ചെറിയ സമ്മാനങ്ങളോ ചിത്രങ്ങളോ ആണ് കൂടെക്കരുതാറുള്ളത്. എന്നാൽ ഇന്ത്യ സന്ദർശിച്ച ഒരു ബ്രിട്ടീഷ് ദമ്പതികൾ തങ്ങളുടെ യാത്രാസ്മരണയ്ക്കായി ഒരു ഓട്ടോറിക്ഷ തന്നെയാണ് സ്വന്തം നാട്ടിലേക്ക് കപ്പൽ കയറ്റി അയച്ചിരിക്കുന്നത്. പ്രമുഖ വ്യവസായി ഹർഷ ഗോയങ്കയാണ് ഈ അപൂർവ്വവും രസകരവുമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ബ്രിട്ടീഷ് സ്വദേശികളായ ഹെലനും മിക്കും ചേർന്നാണ് തങ്ങളുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷയെ യുകെയിലെത്തിച്ചത്. ഇന്ത്യയിൽ വെച്ച് തങ്ങൾ സഞ്ചരിച്ച ഈ വാഹനത്തിന് ‘ടിമ്മി ദ ടിൻ കാൻ’ എന്നാണ് ഇവർ പേരിട്ടിരുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ രജിസ്റ്റർ ചെയ്ത, ചുവപ്പും കറുപ്പും നിറമുള്ള ഈ ബജാജ് ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് വലിയ കണ്ണുകളും പുഞ്ചിരിയും വരച്ചുചേർത്ത് ഇവർ ഒരു പ്രത്യേക യാത്രാകൂട്ടുകാരനാക്കി മാറ്റിയിരുന്നു.
75 ദിവസങ്ങൾ നീണ്ട യാത്രയിൽ താജ്മഹൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ ചരിത്രസ്മാരകങ്ങളും നഗരങ്ങളും സംസ്ഥാനങ്ങളും പിന്നിട്ട് 4,218 കിലോമീറ്ററാണ് ദമ്പതികൾ ഈ മൂന്നുചക്ര വാഹനത്തിൽ സഞ്ചരിച്ചത്. യാത്രയുടെ അവസാനം ഓട്ടോറിക്ഷയെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോരാൻ മനസ്സുവരാത്തതിനെത്തുടർന്നാണ് ഇവർ അതിനെ യുകെയിലേക്ക് ഷിപ്പ് ചെയ്യാൻ തീരുമാനിച്ചത്.
ആറുമാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ 23-ന് ലണ്ടൻ ഗേറ്റ്വേ പോർട്ടിൽ ഓട്ടോറിക്ഷ സുരക്ഷിതമായി എത്തിച്ചേർന്നു. ഇന്ത്യയിലെ കിലോമീറ്ററുകൾ നീണ്ട റോഡ് യാത്രയ്ക്ക് ശേഷമാണ് ഈ വാഹനം കടൽ കടന്ന് യുകെയിൽ എത്തിയത്. “ഇന്ത്യൻ റോഡുകളിൽ നിന്ന് ബ്രിട്ടീഷ് തെരുവുകളിലേക്ക്, എന്ത് മനോഹരമായ യാത്ര” എന്നാണ് ഹർഷ ഗോയങ്ക ഇതിനെക്കുറിച്ച് കുറിച്ചത്.
വാഹനം ലണ്ടനിൽ എത്തിയെങ്കിലും ബ്രിട്ടീഷ് റോഡുകളിലൂടെ ‘ടിമ്മി’ക്ക് ഓടാൻ ഇനിയും അല്പം കൂടി കാത്തിരിക്കേണ്ടി വരും. യുകെയിലെ പ്രാദേശിക നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി വാഹനത്തിന്റെ പേപ്പർ വർക്കുകൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഈ ദമ്പതികൾ.
A love for India: British couple ships an auto-rickshaw all the way to London!















