
മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന സിനിമയിലെ ഗാനങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ. ഒരു സിനിമയ്ക്ക് വേണ്ടി അത്രയധികം അധ്വാനവും ആവർത്തനങ്ങളും നടത്തിക്കഴിയുമ്പോൾ പ്രേക്ഷകരുടെ ഫീഡ്ബാക്കുകൾക്ക് പിന്നാലെ പോകാൻ തനിക്ക് ഊർജ്ജം ബാക്കിയുണ്ടാകാറില്ലെന്ന് റഹ്മാൻ വ്യക്തമാക്കി. വിമർശനങ്ങളിൽ തളരാതെ തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യപ്പെടുന്നത്. തുടക്കത്തിൽ സംഗീതത്തെ കടുത്ത ഭാഷയിൽ വിമർശിച്ച പലരും പിന്നീട് അഭിപ്രായം മാറ്റി മാപ്പ് ചോദിച്ചതായി തന്റെ മകൻ അമീൻ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിന്ദുസ്ഥാൻ ടൈംസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഹ്മാൻ മനസ്തുറന്നത്.
ചിത്രത്തിലെ ‘രാവണ താണ്ഡവ്’ എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഓൺലൈനിൽ ഉയർന്നിരുന്നു. ഇതിന് പുറമെ ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹ പശ്ചാത്തലത്തിൽ ഒരുക്കിയ ‘മംഗൽ രംഗ്’ എന്ന ഗാനത്തിൽ ‘ഖവാലി’ സംഗീതത്തിന്റെ സ്വാധീനമുണ്ടെന്നതും ചർച്ചകൾക്ക് വഴിവെച്ചു. ഈ പശ്ചാത്തലത്തിലാണ് റഹ്മാൻ നിലപാട് വ്യക്തമാക്കിയത്.
“എന്റെ കരിയറിലെ ആദ്യ 10 വർഷത്തെ വിജയങ്ങൾ (റോക്ക്സ്റ്റാർ, സ്ലംഡോഗ് മില്യണയർ പോലുള്ളവ) അതുപോലെ ആവർത്തിക്കാനാണ് പലരും ആവശ്യപ്പെടുന്നത്. എന്നാൽ പഴയ പ്രതാപങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാൻ എനിക്ക് കഴിയില്ല. സർഗ്ഗാത്മകതയിൽ നമ്മൾ ഒരു ഒഴുകുന്ന നദി പോലെയായിരിക്കണം, ഒരിക്കലും സ്തംഭിച്ചുനിൽക്കരുത്. അഞ്ച് ഭാഷകളിലാണ് രാമായണത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് ഏറെ സുപരിചിതമായ ഈ ഇതിഹാസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയും ഉത്തരവാദിത്തവുമായാണ് കാണുന്നത്,” റഹ്മാൻ പറഞ്ഞു.
ഹോളിവുഡിലെ പ്രശസ്ത സംഗീതജ്ഞൻ ഹാൻസ് സിമ്മറുമായി ചിത്രത്തിനായി കൈകോർക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 14 വർഷങ്ങൾക്ക് മുമ്പ് സ്ലംഡോഗ് മില്യണയറിന്റെ ഓസ്കാർ വിജയത്തിന് തൊട്ടുപിന്നാലെ സിമ്മർ തന്നെ ക്ഷണിച്ചിരുന്നെങ്കിലും അന്ന് വിശ്രമത്തിലായിരുന്നതിനാൽ ആ അവസരം ഉപയോഗിച്ചില്ലെന്ന് റഹ്മാൻ വെളിപ്പെടുത്തി. ഹാൻസ് സിമ്മറുടെ പേര് ചിത്രത്തിനൊപ്പം വരുന്നത് ആഗോളതലത്തിൽ സിനിമയ്ക്ക് വലിയ സ്വീകാര്യതയും അന്താരാഷ്ട്ര പ്രേക്ഷകരിൽ കൗതുകവുമുണർത്തുമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രാവണൻ), രവി ദുബെ (ലക്ഷ്മണൻ), സണ്ണി ഡിയോൾ (ഹനുമാൻ) എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2026 നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിക്കാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
“I don’t have the energy to look at criticisms, and I cannot rest on past successes; I am like a flowing river”— A.R. Rahman’s response to criticisms regarding the songs in the film ‘Ramayana’.














