
വാഷിംഗ്ടൺ: അമേരിക്കയിൽ നാലാം ജൂലൈ (സ്വാതന്ത്ര്യദിന) അവധിക്കാല ആഘോഷങ്ങൾക്ക് മുന്നോടിയായി കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണതരംഗം. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളാണ് കടുത്ത ചൂടും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും മൂലം ദുരിതത്തിലായിരിക്കുന്നത്. വരും ദിവസങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് (100 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
താപനിലയും ഈർപ്പവും ചേർന്ന് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന യഥാർത്ഥ ചൂടിന്റെ അളവായ ‘ഹീറ്റ് ഇൻഡക്സ്’ വാരാന്ത്യത്തോടെ വാഷിംഗ്ടൺ ഡി.സി, ഫിലാഡൽഫിയ, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ 115 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നേക്കാമെന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന പൊതുപരിപാടികളും നിരവധി ലോകകപ്പ് മത്സരങ്ങളും നടക്കാനിരിക്കെയാണ് ഈ കാലാവസ്ഥാ വ്യതിയാനം ആശങ്ക പരത്തുന്നത്. യൂറോപ്പിൽ ഈ വർഷം രേഖപ്പെടുത്തിയ സമാനമായ കടുത്ത വേനൽച്ചൂടിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയിലും താപനില ഉയരുന്നത്.
അമേരിക്കൻ മിഡ്‌വെസ്റ്റ് മേഖലയിൽ ആരംഭിച്ച ഉഷ്ണതരംഗം വടക്കുകിഴക്കൻ, മിഡ്-അറ്റ്ലാന്റിക് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. രാത്രിയിൽ പോലും ചൂടിന് ആശ്വാസമില്ലാത്ത അവസ്ഥയാണ്. എയർ കണ്ടീഷനിംഗ് സൗകര്യമില്ലാത്തവരെയും കൃത്യമായി ജലാംശം നിലനിർത്താത്തവരെയും ഈ കാലാവസ്ഥ കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വെതർ സർവീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ തന്നെ ന്യൂയോർക്കിലും വാഷിംഗ്ടണിലും താപനില 90 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലെത്തിയിരുന്നു. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിലേക്ക് ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ ആദ്യമായാണ് ന്യൂയോർക്കിൽ ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അഭ്യർത്ഥിച്ചു. പ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും എൻ.എഫ്.എൽ താരം ട്രാവിസ് കെൽസിയും മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടത്തുന്ന വിവാഹ ചടങ്ങുകൾ പൂർണ്ണമായും ഹാളിനുള്ളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കി
തലസ്ഥാനമായ വാഷിംഗ്ടണിൽ ചരിത്രത്തിലാദ്യമായി തുടർച്ചയായ നാലാം ദിവസവും ചൂട് 100 ഡിഗ്രിക്ക് മുകളിൽ തുടരുകയാണ്. ചൂട് കണക്കിലെടുത്ത് സ്വാതന്ത്ര്യദിന സംഗീത പരിപാടിയുടെ റിഹേഴ്സലുകളിൽ നിന്ന് പൊതുജനങ്ങളെ ഒഴിവാക്കി. എന്നാൽ കടുത്ത ചൂടിലും താൻ പുറത്തുതന്നെ പ്രസംഗം നടത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
അയൽരാജ്യമായ കാനഡയിലും സ്ഥിതി ഭിന്നമല്ല. ഒൻ്റാറിയോ, മോൺട്രിയൽ, ക്യൂബെക്ക് തുടങ്ങിയ പ്രവിശ്യകളിൽ കടുത്ത ചൂടിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്തരീക്ഷത്തിൻ്റെ ഉയർന്ന പാളികളിൽ രൂപപ്പെട്ട ഉയർന്ന മർദ്ദമേഖല അഥവാ ‘ഹീറ്റ് ഡോം’ ആണ് നിലവിലെ കടുത്ത ചൂടിന് കാരണം. ഇതിനൊപ്പം തീരദേശങ്ങളിലെ വരണ്ട മണ്ണും പ്രതിസന്ധി രൂക്ഷമാക്കുന്നു. മണ്ണിൽ ഈർപ്പമില്ലാത്തതിനാൽ സൂര്യപ്രകാശം നേരിട്ട് ഭൂമിയെ ചൂടാക്കുകയാണ്. മനുഷ്യൻ്റെ ഇടപെടലുകൾ മൂലമുണ്ടായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉഷ്ണതരംഗങ്ങളുടെ തീവ്രതയും ദൈർഘ്യവും വർദ്ധിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
വരുന്ന ജൂലൈ 4-ഓടെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ താപനിലയിൽ നേരിയ കുറവുണ്ടായേക്കാം. വടക്കുനിന്നുള്ള തണുത്ത വായു എത്തുന്നതോടെ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൂടിന് കാര്യമായ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
A severe heat wave has broken out in the US ahead of Independence Day; Temperatures have crossed 100 degrees, making life unbearable for people














