വെള്ള കോട്ടണിഞ്ഞ് ‘ഡോ. ട്രംപ്’; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് യുഎസ് പ്രസിഡൻ്റിൻ്റെ പുതിയ AI വീഡിയോ, ഇത് വിമർശകരുടെ ‘TDS’ മാറ്റാനുള്ള പെടാപ്പാട് !

വാഷിംഗ്ടൺ: തൻ്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും പരിഹസിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉപയോഗിക്കുന്ന “ട്രംപ് ഡിറേഞ്ച്മെൻ്റ് സിൻഡ്രോം” (TDS) ഭേദമാക്കാൻ ഡോക്ടറുടെ വേഷമണിഞ്ഞ് ട്രംപ് തന്നെ രംഗത്ത്. കൃത്രിമ ബുദ്ധി (എഐ) ഉപയോഗിച്ച് നിർമ്മിച്ച 90 സെക്കൻ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ചത്.

വൈറ്റ് ഹൗസിൻ്റെ ഭരണനേട്ടങ്ങളും ഖത്തറിൽ നിന്ന് വാങ്ങിയ പുതിയ എയർഫോഴ്സ് വൺ വിമാനത്തിൻ്റെ ദൃശ്യങ്ങളും അടങ്ങിയ ഔദ്യോഗിക വീഡിയോകൾക്കൊപ്പമാണ് ട്രംപ് ഈ പുതിയ വീഡിയോയും പോസ്റ്റ് ചെയ്തത്. വെള്ള ലാബ് കോട്ട് ധരിച്ചെത്തുന്ന ട്രംപ്, “ഡോ. ട്രംപ്” എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് രോഗനിർണ്ണയവും ചികിത്സയും ആരംഭിക്കുന്നത്.

“നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ടിഡിഎസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ? ഇതിൻ്റെ ലക്ഷണങ്ങൾ കഠിനമായിരിക്കാം. ഭാഗ്യവശാൽ, ഞാൻ ഡോ. ട്രംപാണ്, എൻ്റെ പക്കൽ ഒരു ചികിത്സാ പദ്ധതിയുണ്ട്. എൻ്റെ ചില രോഗികൾക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കേൾക്കാം,” എന്ന് ട്രംപ് വീഡിയോയിൽ പറയുന്നു.

തുടർന്ന് ട്രംപിൻ്റെ പ്രമുഖ വിമർശകരായ ഹോളിവുഡ് താരങ്ങൾ ഈ ചികിത്സയെ പ്രശംസിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രശസ്ത ടെലിവിഷൻ അവതാരകരായ വൂപ്പി ഗോൾഡ്ബെർഗ്, റോസി ഒഡൊണൽ, നടന്മാരായ റോബർട്ട് ഡി നിറോ, ജൂലിയ റോബർട്ട്സ്, എഡ്വേർഡ് നോർട്ടൺ, ജോൺ ലെഗുസാമോ എന്നിവരുടെ എഐ രൂപങ്ങളാണ് ട്രംപിൻ്റെ ചികിത്സ കൊണ്ട് തങ്ങൾക്ക് മാറ്റമുണ്ടായെന്ന് സാക്ഷ്യപ്പെടുത്തുന്നത്. “ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കഷ്ടപ്പെടുകയായിരുന്നു. ഡോ. ട്രംപ് പറയുന്നത് കേട്ടതിനുശേഷം എനിക്ക് മാറ്റങ്ങൾ കാണാൻ കഴിയുന്നുണ്ട്,” എന്ന് ഇതിലൊരു താരം പറയുന്നത് വീഡിയോയിലുണ്ട്.

“ചികിത്സ വളരെ ലളിതമാണ്. വ്യാജ വാർത്തകൾ കാണുന്നത് നിർത്തുക. നന്നായി പ്രാർത്ഥിക്കുക. ഇനി എപ്പോഴെങ്കിലും മാനസിക വിഷമം തോന്നിയാൽ എന്നെപ്പോലെ ഒരു ഡയറ്റ് കോക്ക് കുടിക്കുക. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരുന്നത് കാണാം.”- എന്നും ട്രംപ് വീഡിയോയിൽ പറയുന്നുണ്ട്.

സമീപകാലത്തായി ട്രംപ് പങ്കുവെക്കുന്ന എഐ വീഡിയോകളുടെയും ചിത്രങ്ങളുടെയും പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള പരസ്യമായ അഭിപ്രായവ്യത്യാസത്തിനിടയിൽ ട്രംപിനെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ ചിത്രം ട്രംപ് നേരത്തെ പങ്കുവെച്ചിരുന്നു. കടുത്ത വിമർശനങ്ങളെത്തുടർന്ന് ആ ചിത്രം നീക്കം ചെയ്തെങ്കിലും, അമേരിക്കൻ പതാകയ്ക്ക് മുന്നിൽ യേശുക്രിസ്തു തന്ന കെട്ടിപ്പിടിക്കുന്ന മറ്റൊരു എഐ ചിത്രം ട്രംപ് വീണ്ടും പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.

‘Dr. Trump’ in white coat; US President’s new AI video stirs up social media, critics’ attempt to change ‘TDS’

More Stories from this section

family-dental
witywide