വിലക്കയറ്റവും വാടകക്കൊള്ളയും; സ്പെയിനിൽ ജനരോഷം ആളിക്കത്തുന്നു, ബാഴ്‌സലോണയിൽ സംഘർഷം, 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്

മാഡ്രിഡ്: രൂക്ഷമായ പാർപ്പിട പ്രതിസന്ധിക്കും കുതിച്ചുയരുന്ന ജീവിതച്ചെലവിനുമെതിരെ സ്പെയിനിൽ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് രാജ്യത്തെ നിശ്ചലമാക്കി. 14 വർഷത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്കിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങൾക്ക് പിന്നാലെ ബാഴ്‌സലോണയിൽ മുഖംമൂടി ധരിച്ച സംഘങ്ങളും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.

തലസ്ഥാനമായ മാഡ്രിഡിൽ 1,20,000 പേരും ബാഴ്‌സലോണയിൽ 50,000-ത്തിലധികം പേരും പ്രതിഷേധ റാലികളിൽ പങ്കെടുത്തു. ബാഴ്‌സലോണയിലെ പ്രശസ്തമായ പാസെയ്ഗ് ഡി ഗ്രാസിയയിലും ലാസ് റാംബ്ലാസ് മേഖലയിലും പ്രതിഷേധക്കാർ ചവറ്റുകുട്ടകൾക്ക് തീയിടുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തു. ലെഗോ സ്റ്റോർ കൊള്ളയടിച്ചതായും ആപ്പിൾ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊലീസിന് നേരെ പടക്കമെറിഞ്ഞ അക്രമികൾക്ക് നേരെ സേന കണ്ണീർവാതകം പ്രയോഗിച്ചു. വിവിധ സംഭവങ്ങളിലായി ഡസൻ കണക്കിന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഴ് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന മാഡ്രിഡിലെ ഫ്ലാറ്റിൽ നിന്ന് 87-കാരിയായ മാരികാർമെൻ അബാസ്കലിനെ വാടക വർദ്ധനവിനെ തുടർന്ന് കുടിയൊഴിപ്പിച്ചതും, പിന്നാലെ അവർ ആശുപത്രിയിൽ വെച്ച് മരിച്ചതുമാണ് ജനരോഷം ആളിക്കത്തിച്ചത്. നിലവിൽ മാഡ്രിഡിലെ ഒരു സാധാരണ അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക 1,170 യൂറോയാണ്. ശരാശരി ശമ്പളമായ 2,460 യൂറോയുടെ പകുതിയോളം വീട്ടുവാടകയ്ക്കായി മാത്രം ചെലവാകുന്നത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നവംബർ 29-ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പണിമുടക്ക് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. പാർപ്പിട പരിഷ്കരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ സമരത്തിന് പ്രധാനമന്ത്രി പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി രംഗത്തെത്തി. തിരഞ്ഞെടുപ്പ് നേട്ടത്തിനായി സർക്കാർ പണിമുടക്കിനെ ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആൽബെർട്ടോ നൂനെസ് ഫെയ്ജൂ ആരോപിച്ചു. പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യവസായ സംഘടനയായ സി.ഇ.ഒ.ഇയും വിമർശിച്ചു.

പണിമുടക്ക് വൻ വിജയമായിരുന്നുവെന്ന് യു.ജി.ടി, സി.സി.ഒ.ഒ എന്നീ പ്രമുഖ തൊഴിലാളി യൂണിയനുകൾ അവകാശപ്പെട്ടു. ഗതാഗതവും മറ്റ് പൊതുസേവനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടതോടെ രാജ്യം നിശ്ചലമായ അവസ്ഥയിലായിരുന്നു.

Rising prices and exploitative rents; public anger flares in Spain, clashes erupt in Barcelona, ​​and a general strike takes place for the first time in 14 years.

More Stories from this section

family-dental
witywide