
ന്യൂഡൽഹി: വന്ധ്യതാ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയ 24 കാരനായ യുവാവിൻ്റെ ശരീരത്തിൽ ഗർഭപാത്രവും ഫാലോപ്യൻ ട്യൂബും കണ്ടെത്തി. ഡൽഹിയിലാണ് മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പതിവ് പരിശോധനകൾക്കിടയിലാണ് യുവാവിന് ശരീരത്തിനുള്ളിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്.
യുവാവിൻ്റെ ശുക്ലത്തിൽ ബീജങ്ങളുടെ സാന്നിധ്യമില്ലാത്ത ‘അസൂസ്പെർമിയ’ എന്ന അവസ്ഥ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വൃഷണങ്ങൾ വൃഷ്ണ സഞ്ചിയിലേക്ക് ഇറങ്ങാതെ അടിവയറ്റിൽ തന്നെയാണുള്ളതെന്നും ശരീരത്തിനുള്ളിൽ ഗർഭപാത്രം ഉൾപ്പെടെയുള്ള അവയവങ്ങൾ ഉണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചത്.
വൈദ്യശാസ്ത്ര രംഗത്ത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ‘പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്ട് സിൻഡ്രോം’ (Persistent Mullerian Duct Syndrome – PMDS) എന്ന ജന്മനായുള്ള അവസ്ഥയാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
എന്താണ് പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്ട് സിൻഡ്രോം (PMDS)?
പുരുഷന്മാരുടെ ബാഹ്യ ലൈംഗികാവയവങ്ങളോടെ ജീവിക്കുന്ന വ്യക്തികളിൽ തന്നെ ആന്തരികമായി ഗർഭപാത്രം പോലുള്ള സ്ത്രീ അവയവങ്ങൾ കാണപ്പെടുന്ന അവസ്ഥയാണിതെന്ന് പ്രമുഖ ആൻഡ്രോളജിസ്റ്റും ഐ.എ.എസ്.എച്ച് (IASH) ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ ഡോ. ചിരാഗ് ഭണ്ഡാരി വിശദീകരിച്ചു.
ഒരു കുഞ്ഞ് ഗർഭപാത്രത്തിൽ വളരുന്ന ഘട്ടത്തിൽ മുള്ളേരിയൻ ഡക്ടുകൾ സാധാരണയായി പുരുഷ ഹോർമോണായ എ.എം.എച്ചിന്റെ (AMH) സ്വാധീനത്താൽ ഇല്ലാതാകാറുണ്ട്. എന്നാൽ, ഈ ഹോർമോണിന്റെ ഉത്പാദനം കുറയുകയോ ശരീരം ഇതിനോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ഈ അവയവങ്ങൾ ഉള്ളിൽ അവശേഷിക്കുന്നു. പുറമെ സാധാരണ പുരുഷനായി കാണപ്പെടുമ്പോഴും ഉള്ളിൽ ഗർഭപാത്രം അവശേഷിക്കുന്നത് ഇതിനാലാണ്.
ആൺകുട്ടികൾ അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന ഘട്ടത്തിൽ വൃഷണങ്ങൾ അടിവയറ്റിലാണ് ഉണ്ടാകുന്നത്. പ്രസവത്തിന് തൊട്ടുമുൻപോ പ്രസവിച്ച ശേഷമോ ആണ് ഇവ താഴെയുള്ള സഞ്ചിയിലേക്ക് ഇറങ്ങിവരുന്നത്. വൃഷണങ്ങൾ സാധാരണ സ്ഥാനത്തല്ലാതെ അടിവയറ്റിലോ മറ്റ് ഭാഗങ്ങളിലോ തങ്ങിനിൽക്കുന്നത് ബീജ ഉത്പാദനത്തെ ബാധിക്കും. ബീജങ്ങൾ ആരോഗ്യത്തോടെ വളരാൻ ശരീരത്തിന്റെ സാധാരണ താപനിലയേക്കാൾ കുറഞ്ഞ താപനില (ഏകദേശം 2 മുതൽ 3 ഡിഗ്രി വരെ കുറവ്) ആവശ്യമാണ്. ഇതുകൊണ്ടാണ് വൃഷണങ്ങൾ ശരീരത്തിന് പുറത്തുള്ള ഒരു സഞ്ചിയിൽ സ്ഥിതി ചെയ്യുന്നത്.
എന്നിരുന്നാലും, ഈ അവസ്ഥയുള്ള എല്ലാവർക്കും വന്ധ്യത ഉണ്ടാകണമെന്നില്ല. വൃഷണങ്ങളുടെ വലിപ്പവും പ്രവർത്തനവും സാധാരണ നിലയിലാണെങ്കിൽ ഇവർക്ക് സ്വാഭാവികമായി കുട്ടികളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ചികിത്സാ സാധ്യതകൾ
ശുക്ലത്തിൽ ബീജമില്ലാത്ത അവസ്ഥയിൽ, വൃഷണങ്ങളിൽ നിന്ന് നേരിട്ട് ബീജം വേർതിരിച്ചെടുക്കാൻ സാധിക്കുമോ എന്ന് ഡോക്ടർമാർ പരിശോധിക്കും. ബീജങ്ങൾ ലഭ്യമാണെങ്കിൽ ഐവിഎഫ് പോലുള്ള ആധുനിക വന്ധ്യതാ ചികിത്സാ മാർഗ്ഗങ്ങളിലൂടെ കുട്ടികളുണ്ടാകാൻ സാധിക്കും. വൃഷണങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമാണെങ്കിൽ ഡോണർ ബീജം സ്വീകരിക്കുന്നതും പരിഗണിക്കാറുണ്ട്.
ലോക മെഡിക്കൽ ചരിത്രത്തിൽ തന്നെ വളരെ കുറച്ചു കേസുകൾ മാത്രം രേഖപ്പെടുത്തിയിട്ടുള്ള അത്യപൂർവമായ അവസ്ഥയാണിത്. കൃത്യമായ ഹോർമോൺ, ജനിതക പരിശോധനകളിലൂടെ മാത്രമേ ഇത്തരം അവസ്ഥകൾ കണ്ടെത്താനും അനുയോജ്യമായ ചികിത്സ നിശ്ചയിക്കാനും സാധിക്കൂ എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
A uterus in a male body! Shocking discovery during a 24-year-old’s infertility test—an extremely rare condition.















