രാജ്യം പ്രതിസന്ധിയിലാകാൻ ചിലർ ആഗ്രഹിക്കുന്നു, നടക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, മോദി 4.0 ഉറപ്പെന്ന് അമിത് ഷാ

രാജ്യത്തെ പ്രതിസന്ധിയിലാക്കാൻ ചിലർ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ഗുജറാത്തിലെ ബനസ്കന്തയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. ഗൾഫ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വളത്തിനും പാചകവാതകത്തിനും ക്ഷാമമുണ്ടെന്ന് വരുത്തിതീർക്കാൻ ചിലർ വ്യാജപ്രചാരണം നടത്തുന്നുവെന്നും, തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം അവസാന ശ്വാസം വരെ പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നരേന്ദ്ര മോദി നാലാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉത്തർപ്രദേശിൽ അഭിപ്രായപ്പെട്ടു. യു.പി.യിലെ സംഘടനാ യോഗത്തിൽ സംസാരിക്കവെ, കർസേവകർക്ക് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ട സമാജ്‌വാദി പാർട്ടി അടുത്ത മുപ്പത് വർഷത്തേക്ക് യു.പി.യിൽ അധികാരത്തിൽ വരില്ലെന്നും രാമായണത്തിലെ അംഗദന്റെ കാൽപാദം പോലെ യു.പി.യിൽ ബി.ജെ.പിയെ മായ്ച്ചുകളയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകുന്ന നിലപാടാണ് ബി.ജെ.പി നേതാക്കൾ സ്വീകരിക്കുന്നത്.

ഇതിനിടയിൽ, പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ‘സിറ്റിസൺസ് ഫോർ ഡെമോക്രസി’ എന്ന കൂട്ടായ്മ ഡൽഹി എൻ.ഡി.എം.സി ഹാളിൽ ഒരു മോക് പാർലമെന്റ് സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കളുടെ വേഷം ധരിച്ചെത്തിയ യുവാക്കൾ പങ്കെടുത്ത ഈ പരിപാടി പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലടക്കം രാഷ്ട്രീയ പോരാട്ടങ്ങൾ കനക്കുന്ന സാഹചര്യമാണ് ഡൽഹിയിലുള്ളത്.

മറ്റൊരു സംഭവവികാസത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ ഡൽഹിയിലെ മോശം കാലാവസ്ഥയെ തുടർന്ന് നാളത്തേക്ക് മാറ്റിവെച്ചു. കനത്ത മഴ കാരണം നേതാക്കൾക്ക് പുറത്ത് നിൽക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുാമമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. പ്രതീകാത്മക വിചാരണ നാളെ വൈകുന്നേരം നാല് മണിക്ക് നടക്കുമെന്നും, നവംബർ ഒന്നിന് രാംലീല മൈതാനത്ത് വലിയ ജനപങ്കാളിത്തത്തോടെയുള്ള അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PM Modi Slams Opposition Over False Propaganda; Amit Shah Predicts Modi’s Fourth Term as Prime Minister

Also Read

More Stories from this section

family-dental
witywide