വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ആക്രമണം; തെക്കൻ ലെബനനിൽ വീണ്ടും വ്യോമാക്രമണവും ഒഴിപ്പിക്കൽ മുന്നറിയിപ്പും, വൻ സംഘർഷ ഭീതി

റോം: ജൂണിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തി തെക്കൻ ലെബനനിൽ വീണ്ടും കടുത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം. ജൂൺ മാസത്തിനു ശേഷം ആദ്യമായി ലെബനനിലെ മൻസൂരി ഗ്രാമത്തിലെ ജനങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ പ്രതിരോധ സേന ഉത്തരവിട്ടു. ഇതിനു പിന്നാലെ തെക്കൻ ലെബനനിലെ ഹിസ്ബുല്ല ലക്ഷ്യകേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ പോർവിമാനങ്ങൾ അതിശക്തമായ ബോംബാക്രമണവും പീരങ്കിയാക്രമണവും നടത്തി. തെക്കൻ ലെബനനിലെ ടെബ്നിനിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വെടിനിർത്തൽ കരാർ ഹിസ്ബുല്ല പൂർണ്ണമായി ലംഘിച്ചതിനെ തുടർന്നാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേലിന്റെ വാദം. മൻസൂരിയിലും മജ്ദൽ സൗണിലും നടന്ന ബോംബാക്രമണങ്ങളെ തുടർന്ന് പ്രദേശത്തുനിന്ന് ജനങ്ങൾ കൂട്ടത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ജൂൺ 27ലെ വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലെബനനിലെ രണ്ട് പ്രധാന മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ലെബനൻ സൈന്യത്തിന് കൈമാറുമെന്ന് ഇസ്രായേൽ ഉറപ്പുനൽകിയിരുന്നെങ്കിലും, പുതിയ പോരാട്ടം മേഖലയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

റോമിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള ഏഴാം ഘട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ശക്തമായി എതിർക്കുന്ന ഈ നയതന്ത്ര ചർച്ചകൾ ഈ ആഴ്ച അവസാനിക്കാനിരിക്കെ ഇസ്രായേൽ നടത്തിയ തിരിച്ചടി മധ്യപൂർവേഷ്യൻ മേഖലയിൽ വീണ്ടും ഒരു സമാന്തര യുദ്ധമുഖം തുറക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രദേശം വീണ്ടും സംഘർഷഭരിതമാകുന്നതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണകളെപ്പോലും ഇത് ദോഷകരമായി ബാധിച്ചേക്കാം.

More Stories from this section

family-dental
witywide