മുൻകാല വീഴ്ചകൾ പരിശോധിച്ച് എഫ്ബിഐയുടെ ‘പട്ടേൽ റിപ്പോർട്ട്’; ഉത്തരവാദിത്തം ആവശ്യപ്പെടുന്നു

വാഷിങ്ടൺ: എഫ്ബിഐയുടെ ചരിത്രത്തിലെ വീഴ്ചകൾ പരിശോധിക്കുന്ന ‘പട്ടേൽ റിപ്പോർട്ട്’ ജീവനക്കാർക്ക് കൈമാറാനൊരുങ്ങി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ഡയറക്ടർ കാഷ് പട്ടേലിന്റെ പേരിലാണ് റിപ്പോർട്ട് അറിയപ്പെടുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എഫ്ബിഐ കോ-ഡെപ്യൂട്ടി ഡയറക്ടർമാരായ ക്രിസ്റ്റഫർ റായയും ആൻഡ്രൂ ബെയ്‌ലിയും ജീവനക്കാർക്ക് അയച്ച ആഭ്യന്തര സന്ദേശത്തിലാണ് റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

‘ഉത്തരവാദിത്തം ആവശ്യപ്പെടുന്നതിനാലാണ് പിന്നോട്ടുനോക്കുന്നത്’ എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഈ ആഴ്ച രാജി പ്രഖ്യാപിച്ച ബെയ്‌ലിയുടെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ചയാണ്. കഴിഞ്ഞ വർഷത്തെ സ്ഥിരീകരണ ഹിയറിങ്ങിൽ, താൻ മുൻകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കില്ലെന്ന് പട്ടേൽ പറഞ്ഞിരുന്നു. എന്നാൽ ഡയറക്ടറായതിന് പിന്നാലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകി.

ഡോണൾഡ് ട്രംപിനെതിരായ വർഷങ്ങൾ പഴക്കമുള്ള അന്വേഷണങ്ങളിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ, 2020ലെ വംശീയ നീതിക്കായുള്ള പ്രതിഷേധത്തിൽ മുട്ടുകുത്തി നിന്നവരടക്കം നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. കത്തോലിക്കാ തീവ്രവാദവുമായി ബന്ധപ്പെട്ട വിവാദ വിശകലന റിപ്പോർട്ടിൽ പങ്കാളികളായ ജീവനക്കാരും നടപടിക്ക് വിധേയരായി. എഫ്ബിഐയുടെ ചരിത്രത്തിലെ ഒരു അധ്യായം അവസാനിപ്പിച്ച് പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതാണ് റിപ്പോർട്ടെന്നും സംഘടനയുടെ ഭാവി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സന്ദേശത്തിൽ പറയുന്നു.

മുൻകാല വീഴ്ചകൾ അംഗീകരിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും തകർന്ന സംവിധാനങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. റിപ്പോർട്ടിൽ എഫ്ബിഐയുടെ ചരിത്രത്തിലെ ഏതൊക്കെ സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. സംഘടനാപരമായ ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുകയുമാണ് റിപ്പോർട്ടിന്റെ ലക്ഷ്യമെന്നും എഫ്ബിഐ അറിയിച്ചു.

അതേസമയം, മുൻഗാമികളെ പട്ടേൽ നിരന്തരം വിമർശിക്കുകയും എഫ്ബിഐയെ മുൻകാലങ്ങളിൽ ‘രാഷ്ട്രീയവൽക്കരിച്ച’ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പട്ടേൽ തന്നെയാണ് എഫ്ബിഐയെ ‘രാഷ്ട്രീയ ആയുധമാക്കി’ മാറ്റുന്നതെന്നാണ് വിമർശകരുടെ ആരോപണം. മുൻഗാമികളുടെയും അവരുടെ തീരുമാനങ്ങളുടെയും പരിശോധന ട്രംപിന് അനുകൂലമായി ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു.

‘Accountability demands it’: FBI to issue ‘Patel Report’ examining past failures

More Stories from this section

family-dental
witywide