മുഖ്യമന്ത്രിക്കെതിരേ രണ്ടാംവിവാഹ ആരോപണം: ആന്റോയിൽനിന്ന് രേഖ പിടിച്ചെടുക്കണമെന്ന് പരാതി; കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റൊരു വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശം. കെ.പി.സി.സി മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി. ഡി.ജി.പി കൈമാറിയ പരാതി, കേസെടുക്കണമെന്ന നിർദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറുകയായിരുന്നു. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആരോപിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റോയുടെ കൈയിൽ ഇതുസംബന്ധിച്ച രേഖകളും റിപ്പോർട്ടർ ടി.വി ഓഫീസിൽ യുവാക്കൾ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുമുണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും പരാതിയിലുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനെയോ സർക്കാരിനെയോ വിവരമറിയിക്കാതിരുന്ന ആന്റോ അഗസ്റ്റിന്റെ നടപടി സംശയാസ്പദമാണെന്നും, ആന്റോയുടെ കൈയിലുള്ള വ്യാജരേഖകളും റിപ്പോർട്ടർ ടി.വി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കും പോലീസിന്റെ കസ്റ്റഡിയിലെടുക്കണമെന്നും രാജു പി. നായർ ആവശ്യപ്പെട്ടു.

റിപ്പോർട്ടർ ടി.വിയിലും തന്റെ കുടുംബവീട്ടിലും നടന്ന പോലീസ് റെയ്ഡിനു പിന്നാലെ ആന്റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അന്വേഷണങ്ങളോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ജേണലിസ്റ്റിക് ആംഗിളിലുള്ള സാധനങ്ങൾ കിട്ടുകയാണ് അവരുടെ ലക്ഷ്യമെങ്കിൽ അത് കിട്ടില്ലെന്നും ആന്റോ പറഞ്ഞു. വി.ഡി. സതീശന്റെ രണ്ടാം കല്യാണം സംബന്ധിച്ച ചോദ്യങ്ങൾക്കുൾപ്പെടെ തന്റെ കൈയിൽ മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Allegation of Second Marriage Against CM: Complaint Demands Seizure of Documents From Anto, Directs to Register Case

More Stories from this section

family-dental
witywide