റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ മിന്നൽ പരിശോധ: രാഷ്ട്രീയ വിവാദത്തിന് തുടക്കമായി, ‘അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണം’ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ സാമ്പത്തിക-സ്പോൺസർഷിപ്പ് തട്ടി എന്ന കേസിൽ അന്വേഷണ നടപടികൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. പ്രത്യേക അന്വേഷണ സംഘം കൊച്ചി കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നടത്തിയ മിന്നൽ പരിശോധനയാണ് രാഷ്ട്രീയ വിവാദമായി മാറിയത്. രാവിലെ ചാനലിന്റെ ന്യൂസ് ഡെസ്കിൽ പൊലീസ് സംഘം പ്രവേശിച്ചതും വാർത്താ സംപ്രേഷണത്തെ ബാധിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി സർക്കാരിനെതിരെ രംഗത്തെത്തി.

റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹിയിലും സ്വതന്ത്ര മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇപ്പോൾ കേരളത്തിലും അരങ്ങേറുന്നത്. ന്യൂസ്‌ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ തുറുങ്കിലടയ്ക്കുകയും ചെയ്തതിന് സമാനമായ ഹീനമായ നടപടിയാണ് സംസ്ഥാനത്ത് നടന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങൾ കേരളം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ നിന്ദ്യമായ ഈ കടന്നാക്രമണത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് മറുപടി പറയേണ്ടതെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് പൊലീസ് തോന്നുംപടി കയറി എഡിറ്ററുടെ കസേരയിലിരിക്കുന്നതും ജീവനക്കാരുടെ ഫോൺ തട്ടിയെടുക്കുന്നതും മാധ്യമ പ്രവർത്തനത്തിന്റെ അടിവേരറുക്കുന്നതാണെന്ന് സിപിഎം നേതാവ് പി. രാജീവും ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും പരമപ്രധാനമായ സ്ഥാനമാണ് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശന് അറിയില്ലെങ്കിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 19 മുഖ്യമന്ത്രി സ്വയം വായിച്ചുപഠിക്കണമെന്ന് പരിഹസിച്ചു.

എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കോടതിയുടെ കൃത്യമായ സെർച്ച് വാറന്റ് സമ്പാദിച്ച ശേഷമാണ് എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചിടങ്ങളിൽ ഒരേസമയം പരിശോധനയ്ക്കെത്തിയത്. കൊച്ചിയിൽ ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റ്, റിപ്പോർട്ടർ ടിവി ആസ്ഥാനം ഉൾപ്പെടെ നാലിടങ്ങളിലും വയനാട് വാഴവറ്റയിലെ ആന്റോയുടെ കുടുംബവീട്ടിലുമായിരുന്നു പരിശോധന.ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും നിർണ്ണായക ഫയലുകളും പിടിച്ചെടുത്തു. മെസി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകൾ കണ്ടെടുക്കാനാണ് പരിശോധന നടത്തിയതെന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ആരുടെയും ജോലി തടസ്സപ്പെടുത്തിയിട്ടില്ലെന്നും എഡിജിപി പി. വിജയൻ വ്യക്തമാക്കി.

അതേസമയം, ചാനൽ പരിശോധനയോട് സഹകരിച്ചില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. നോട്ടീസ് കൈപ്പറ്റാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നും മറ്റ് ഓഫീസുകളിൽ ആളില്ലാത്തതിനാലാണ് ഉദ്യോഗസ്ഥർക്ക് ന്യൂസ് റൂമിലേക്ക് പ്രവേശിക്കേണ്ടി വന്നതെന്നും വ്യക്തമാക്കിയ എസിപി, ചാനലിന്റെ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide