പാക് നാവികസേനാ കപ്പൽ ഇന്ത്യൻ കപ്പലുമായി കൂട്ടിയിടിച്ചു: ഇസ്ലാമാബാദ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ ഇന്ത്യൻ നാവികസേനാ കപ്പലുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് പാകിസ്ഥാന്റെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.

വടക്കൻ അറേബ്യൻ കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിലേക്ക് പാക് കപ്പൽ അമിതവേഗതയിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ ഇന്ത്യൻ യുദ്ധക്കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

പാക് നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും പ്രൊഫഷണൽ അല്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന 1991-ലെ ഉഭയകക്ഷി സുരക്ഷാ കരാറിന്റെ പത്താം വകുപ്പിന്റെ ലംഘനമാണ് ഈ സംഭവം. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ കപ്പലുകൾ തമ്മിൽ അപകടങ്ങൾ ഒഴിവാക്കാൻ ചുരുങ്ങിയത് മൂന്ന് നോട്ടിക്കൽ മൈൽ (ഏകദേശം 5.6 കിലോമീറ്റർ) അകലം പാലിക്കണമെന്നാണ് ഈ കരാർ വ്യവസ്ഥ ചെയ്യുന്നത്.

കഴിഞ്ഞ വർഷത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ഈ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാക് സൈനിക വിഭാഗങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തണമെന്നും ഉഭയകക്ഷി കരാറുകൾ പാലിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മുൻപ് 2011-ലും പാക് നാവികസേനാ കപ്പലായ പി.എൻ.എസ് ബാബർ, ഇന്ത്യൻ കപ്പലായ ഐ.എൻ.എസ് ഗോദാവരിയിൽ സമാനമായ രീതിയിൽ ഉരസി അപകടം ഉണ്ടാക്കിയിരുന്നു.

Pakistani naval vessel collides with Indian ship: India summons Islamabad diplomat to lodge protest.

More Stories from this section

family-dental
witywide