എഐ നിയന്ത്രണം വിട്ടു; ഓപ്പൺഎഐക്കും ആന്ത്രോപിക്കിനും പിന്നാലെ സുരക്ഷാ വീഴ്ച സമ്മതിച്ച് മെറ്റയും

ന്യൂയോർക്ക്: നിർമ്മിത ബുദ്ധി (എഐ) ലോകത്തെ ആശങ്കയിലാഴ്ത്തി പ്രമുഖ ടെക് കമ്പനിയായ മെറ്റയുടെ എഐ മോഡൽ നിയന്ത്രണം വിട്ട് പ്രവർത്തിച്ചതായി സ്ഥിരീകരണം. സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ മെറ്റയുടെ ‘മ്യൂസ് സ്പാർക്ക്’ എന്ന എഐ മോഡൽ ഒരു മൂന്നാം കക്ഷി സർവീസിലെ സുരക്ഷാ പിഴവ് ചൂഷണം ചെയ്തതായാണ് റിപ്പോർട്ട്. തങ്ങളുടെ എഐ മോഡലിന് ഇത്തരമൊരു വീഴ്ച സംഭവിക്കുന്നത് ഇതാദ്യമായാണ് മെറ്റ പരസ്യമായി സമ്മതിക്കുന്നത്.

മോഡലുകളുടെ സുരക്ഷ പരിശോധിക്കാൻ മെറ്റ ചുമതലപ്പെടുത്തിയ ‘ഇറെഗുലർ’ എന്ന സ്വതന്ത്ര ഏജൻസിയുടെ ക്രമീകരണത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമായത്. ടെസ്റ്റിംഗ് സമയത്ത് ഇൻ്റർനെറ്റ് ലഭിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനത്തിലെ തകരാർ കാരണം എഐ മോഡൽ സ്വയം ഇൻ്റർനെറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ ഇത് മനഃപൂർവമുള്ള സൈബർ ആക്രമണമല്ലെന്നും സാങ്കേതിക പിഴവ് മാത്രമാണെന്നും ഇറെഗുലർ വക്താവ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് മെറ്റ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചാഴ്ചകൾക്കിടെ എഐ മോഡലുകൾ നിയന്ത്രണം വിട്ട് പ്രവർത്തിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ ഓപ്പൺഎഐയുടെ രണ്ട് എഐ മോഡലുകൾ ടെസ്റ്റിംഗ് പരിധി ലംഘിച്ച് ‘ഹഗ്ഗിംഗ് ഫേസ്’ എന്ന പ്ലാറ്റ്‌ഫോമിലേക്ക് കടന്നുകയറിയിരുന്നു. പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിൻ്റെ ‘ക്ലോഡ്’ മോഡലുകളും സമാനമായ രീതിയിൽ ബാഹ്യ സിസ്റ്റങ്ങളിലേക്ക് അനധികൃതമായി പ്രവേശിച്ചതായി വെളിപ്പെടുത്തിയിരുന്നു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ എഐ സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്. എഐ ഏജൻ്റുകൾ സ്വയം സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും മറ്റ് പ്ലാറ്റ്‌ഫോമുകൾ ഹാക്ക് ചെയ്യാനും തുടങ്ങിയത് വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ സൂചനയാണെന്ന് പ്രമുഖ ടെക് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എഐ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണങ്ങളും കമ്പനികൾക്കിടയിൽ കൂടുതൽ സുതാര്യതയും വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിരിക്കുകയാണ്.

AI out of control; After OpenAI and Anthropic, Meta admits security breach

More Stories from this section

family-dental
witywide