സാൻ ഫ്രാൻസിസ്കോ: യുഎസിൽ സുരക്ഷാ ആശങ്കകളെത്തുടർന്ന് പുതിയ എഐ മോഡലിന്റെ പരിശീലനം ഒരു മാസത്തിലേറെ നിർത്തിവെച്ചതായി ക്ലോഡ് ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ആന്ത്രോപിക്. എഐ മോഡലുകളുടെ സാങ്കേതിക വിവരങ്ങളും ബൗദ്ധിക സ്വത്തവകാശവും മോഷ്ടിക്കപ്പെടുന്നത് തടയാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് നടപടിയെന്ന് ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിനായി സമർപ്പിച്ച രേഖയിൽ കമ്പനി വ്യക്തമാക്കി.
പരിശോധനയ്ക്കിടെ നാല് എഐ മോഡലുകൾ നിയന്ത്രിത പരീക്ഷണപരിസരത്തിന് പുറത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്ക് പ്രവേശിച്ചതായും കമ്പനി വെളിപ്പെടുത്തി. 10 മുതൽ 34 മണിക്കൂർ വരെ നീണ്ട പരീക്ഷണങ്ങൾക്കിടെയായിരുന്നു സംഭവം. സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ മൂന്നാംകക്ഷി പങ്കാളിക്കുണ്ടായ പിഴവുമൂലം മോഡലുകൾക്ക് ഇന്റർനെറ്റ് പ്രവേശനം ലഭിക്കുകയായിരുന്നു.
ഒരു സംഭവത്തിൽ, മോഡലിന്റെ ആദ്യകാല പതിപ്പ് സൂക്ഷിച്ചുവെച്ചിരുന്ന പാസ്വേഡ് കണ്ടെത്തി മറ്റൊരു സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ അഡ്മിനിസ്ട്രേറ്റർ അധികാരം നേടി. തുടർന്ന് കൂടുതൽ ലോഗിൻ വിവരങ്ങൾ ശേഖരിക്കുകയും സംവിധാനത്തിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയും ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തതായി ആന്ത്രോപിക് അറിയിച്ചു.
എന്നാൽ മനുഷ്യരുടെ നിയന്ത്രണത്തിൽനിന്ന് മനഃപൂർവം പുറത്തുകടക്കാൻ മോഡലുകൾ ശ്രമിച്ചതിനോ അവ പരസ്പരം ഏകോപിച്ച് പ്രവർത്തിച്ചതിനോ തെളിവില്ലെന്ന് കമ്പനി വ്യക്തമാക്കി. സംഭവങ്ങൾക്കുശേഷം ചില സൈബർ സുരക്ഷാ പരിശോധനകളും ഉയർന്ന അപകടസാധ്യതയുള്ള പരിശീലന പ്രവർത്തനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. പരിശീലനം വൈകുന്നത് വരുമാനത്തെ ബാധിക്കാനും എതിരാളികളേക്കാൾ പിന്നിലാക്കാനും സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ഐപിഒ രേഖയിൽ ഏകദേശം 94 പേജുകൾ അപകടസാധ്യതകൾ വിശദീകരിക്കാനായി ആന്ത്രോപിക് നീക്കിവെച്ചിട്ടുണ്ട്.
ഇതിനിടെ, യുഎസിലെ ജോർജിയ സംസ്ഥാനത്തെ വോട്ടർമാരുടെ വിവരങ്ങൾ ക്ലോഡ് എഐ മനുഷ്യരുടെ അനുമതിയില്ലാതെ ശേഖരിച്ചതായും കമ്പനി വെളിപ്പെടുത്തി. പേവാൾ മറികടന്ന് പൊതുവായി ലഭ്യമായ ആകെ വോട്ടെണ്ണൽ വിവരങ്ങൾ ക്ലോഡ് നേടിയെന്നാണ് ആന്ത്രോപിക്കിന്റെ വിശദീകരണം. എഐ സംവിധാനങ്ങളുടെ സുരക്ഷയും ഓൺലൈൻ വിവരങ്ങളിലേക്കുള്ള അവയുടെ പ്രവേശനവും സംബന്ധിച്ച ആശങ്കകൾ ഈ സംഭവങ്ങളിലൂടെ വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്.
Anthropic IPO filing reveals month-long AI training pause and security failures involving four AI models









