ഉറങ്ങിക്കിടന്ന ഭാര്യയെ വെടിവെച്ചുകൊന്നു; മുൻ ‘അമേരിക്കൻ ഐഡൽ’ താരം കുറ്റക്കാരനെന്ന് കോടതി, ക്രൂരതകാട്ടിയത് കാമുകിക്കൊപ്പം ജീവിക്കാൻ

ഡേട്ടൺ (ഒഹായോ): ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ തലയ്ക്ക് പിന്നിൽ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ ‘അമേരിക്കൻ ഐഡൽ’ മത്സരാർത്ഥിയും മ്യൂസിക് പാസ്റ്ററുമായ കാലെബ് ഫ്ലിൻ (40) കുറ്റക്കാരനാണെന്ന് ഒഹായോ കോടതി കണ്ടെത്തി. കടുത്ത കൊലപാതകം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ ഇയാൾക്കെതിരെയുള്ള ഒൻപത് ചാർജുകളും കോടതി ശരിവെച്ചു. ഒക്ടോബർ 5-ന് പ്രഖ്യാപിക്കുന്ന ശിക്ഷാവിധിയിലൂടെ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കും.

ഈ വർഷം ഫെബ്രുവരി 16-നായിരുന്നു അമേരിക്കയെ നടുക്കിയ കൊലപാതകം നടന്നത്. ടിപ്പ് സിറ്റിയിലെ വസതിയിൽ വെച്ച് ഭാര്യ ആഷ്ലി ഫ്ലിന്നിനെ (37) കാലെബ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ അക്രമികൾ അതിക്രമിച്ചു കയറി ഭാര്യയെ വധിച്ചു എന്ന് വരുത്തിതീർക്കാനാണ് പ്രതി ആദ്യം ശ്രമിച്ചത്. എന്നാൽ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം നീണ്ട ചർച്ചകൾക്കൊടുവിൽ ജൂറി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. വിധി കേട്ട പ്രതി കോടതിയിൽ പൊട്ടിക്കരഞ്ഞു.

കാലെബ് ഫ്ലിൻ തന്റെ സഭയിലെ മുൻ ഇന്റേണായ അലീഗ ബോട്നർ (24) എന്ന യുവതിയുമായി 18 മാസമായി പ്രണയത്തിലായിരുന്നു. വിവാഹമോചനം നേടിയാൽ കുട്ടികളുടെ സംരക്ഷണം നഷ്ടപ്പെടുമെന്ന ഭയവും, ഭാര്യയുടെ കുടുംബ ബിസിനസ്സിലെ ജോലിയും സഭയിലെ പാസ്റ്റർ പദവിയും നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇരുവരും തമ്മിൽ കൈമാറിയ ഒരു ലക്ഷത്തോളം വരുന്ന ഫോൺ സന്ദേശങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു. “അവളെ കൊന്നുകളയാൻ ജയിലിൽ പോകാത്ത വഴികളെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്”, “അവൾ മരിച്ചു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നിങ്ങനെ കാലെബ് കാമുകിക്ക് അയച്ച മെസ്സേജുകളും, കൊലപാതകം നടന്ന സമയത്തെ പ്രതിയുടെ ആപ്പിൾ വാച്ച്, ഐഫോൺ എന്നിവയിലെ ഡിജിറ്റൽ തെളിവുകളും കേസിൽ നിർണ്ണായകമായി.

തന്റെ കാമുകിക്കായി ഒരു AI മ്യൂസിക് ആപ്പ് വഴി കാലെബ് നിർമ്മിച്ച ഗാനവും പ്രോസിക്യൂഷൻ കോടതിയിൽ പ്ലേ ചെയ്തു. ഗാനത്തിന്റെ വരികൾ കേട്ട് കോടതിയിലുണ്ടായിരുന്ന ജൂറി അംഗങ്ങൾ ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതി ഫോണിൽ നിന്ന് ഇൻസ്റ്റാഗ്രാമും ഈ മ്യൂസിക് ആപ്പും അൺഇൻസ്റ്റാൾ ചെയ്തിരുന്നതായി സൈബർ വിദഗ്ധർ കണ്ടെത്തി.

2013-ൽ പ്രശസ്ത റിയാലിറ്റി ഷോയായ ‘അമേരിക്കൻ ഐഡൽ’ പന്ത്രണ്ടാം സീസണിൽ പങ്കെടുത്തതിലൂടെയാണ് കാലെബ് ഫ്ലിൻ ശ്രദ്ധേയനാകുന്നത്. മറിയ കേറി, നിക്കി മിനാഷ് തുടങ്ങിയ പ്രമുഖ ജഡ്ജിമാർക്ക് മുന്നിൽ പാടി ഹോളിവുഡ് റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രധാന മത്സരത്തിൽ പങ്കെടുക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല.

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതിലൂടെ തെളിവ് നശിപ്പിച്ച കുറ്റവും പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസിൽ പ്രതിഭാഗം സാക്ഷികളെയൊന്നും വിസ്തരിച്ചില്ല. സ്കൂൾ അധ്യാപികയും വോളിബോൾ കോച്ചുമായിരുന്ന ആഷ്ലി ഫ്ലിന്റെ കൊലപാതകത്തിൽ ഒക്ടോബർ ആദ്യവാരം കോടതി അന്തിമ ശിക്ഷ വിധിക്കും

Former ‘American Idol’ star found guilty of shooting dead his sleeping wife.

More Stories from this section

family-dental
witywide