പരമാവധി ചാർജ്ജ് 300 രൂപ, യുപിഐ ഇടപാടുകൾക്ക് പുതിയ ഫീസ് ഘടന ഏർപ്പെടുത്തി ഉത്തരവിറങ്ങി; അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. മാറ്റങ്ങൾ പ്രകാരം വ്യക്തികൾ തമ്മിലുള്ള (P2P) സാധാരണ പണമിടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും. കൂടാതെ വ്യാപാരികൾക്ക് നൽകുന്ന 2,000 രൂപ വരെയുള്ള വാണിജ്യ ഇടപാടുകൾക്കും ഫീസ് ഈടാക്കില്ല. മൊത്തം യുപിഐ ഇടപാടുകളുടെ 96 ശതമാനത്തെയും പുതിയ തീരുമാനം ബാധിക്കില്ലെന്നും സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്കാണ് 0.4 ശതമാനം വരെയുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിർദ്ദേശിച്ചിരിക്കുന്നത്. ഒരു ഇടപാടിൽ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന തുക. റയിൽവേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപയായിരിക്കും ഫീസ്. ഈ തുക ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പിരിക്കില്ലെന്നും വ്യാപാരികളിൽ നിന്നാണ് ഈടാക്കുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഉണ്ടാവുകയുമില്ല.

അതേസമയം യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. അമേരിക്കൻ പേയ്‌മെന്റ് കോർപ്പറേഷനുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നയം മാറ്റിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന തുക ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ഒടുവിൽ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നുതന്നെയായിരിക്കും ഈടാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്‌മെന്റ് ടാക്സ് ഏർപ്പെടുത്തി ജനങ്ങളെ കേന്ദ്രം കൊള്ളയടിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി.

New UPI MDR Rules to Take Effect from October 15; Rahul Gandhi Slams Govt Over Fee Structure

More Stories from this section

family-dental
witywide