യുഎസ്-ഇറാൻ യുദ്ധം: നാല് മാസത്തിനിടെ 22.3 ബില്യൺ ഡോളർ ആയുധങ്ങൾക്കായി ചെലവഴിച്ച് യുഎസ്, ആയുധശേഖരത്തിൽ ക്ഷാമം

ഇറാനെതിരായ യുദ്ധത്തിനായി യുഎസ് ഇതുവരെ ഏകദേശം 33.4 ബില്യൺ ഡോളർ ചെലവഴിച്ചതായി പെന്റഗൺ വാച്ച്‌ഡോഗിന്റെ റിപ്പോർട്ട്. ഇതിൽ 22.3 ബില്യൺ ഡോളർ ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കുമാണ് ചെലവഴിച്ചത്. യുദ്ധത്തിന്റെ ഭാഗമായി അമേരിക്കൻ ആയുധശേഖരത്തിൽ ക്ഷാമവും ആയുധ നിർമാണ മേഖലയിലെ വിതരണ തടസ്സങ്ങളും നേരിടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം യുദ്ധവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കായി യുഎസ് പ്രതിരോധ വകുപ്പ് 7.4 ബില്യൺ ഡോളർ കൂടി ചെലവഴിച്ചു. 3.7 ബില്യൺ ഡോളർ മൂല്യമുള്ള സൈനിക ഉപകരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. ഫെബ്രുവരി 28 മുതൽ ജൂൺ 29 വരെയുള്ള കണക്കുകളാണിത്. കേടുപാടുകൾ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ജൂൺ 30 വരെ ഇറാനിൽ യുഎസ് നടത്തിയ സൈനിക നടപടികളെ വിലയിരുത്തുന്ന ലീഡ് ഇൻസ്പെക്ടർ ജനറൽ റിപ്പോർട്ടാണിത്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ആദ്യ ത്രൈമാസ വിലയിരുത്തലാണ് റിപ്പോർട്ട്. യുദ്ധത്തിന്റെ സാമ്പത്തിക, സൈനിക, ലോജിസ്റ്റിക് പ്രത്യാഘാതങ്ങളും റിപ്പോർട്ട് വിശദീകരിക്കുന്നു.ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾക്കും മറ്റ് നിർമിതികൾക്കും കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തു. യുദ്ധത്തിനിടെ യുഎസ് ആയുധങ്ങളുടെ വ്യാപകമായ ഉപയോഗം തന്ത്രപ്രധാനമായ ആയുധശേഖരത്തിൽ കുറവുണ്ടാക്കുകയും വെടിക്കോപ്പുകളുടെ പുനർവിതരണത്തിൽ വ്യവസായ മേഖലയിലെ തടസ്സങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്തതായി പെന്റഗൺ വാച്ച്‌ഡോഗ് വ്യക്തമാക്കി.

ആയുധങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളും ഉൽപ്പാദന സമയവും വേഗത്തിലാക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനായി നിർണായക വസ്തുക്കൾ, ഘടകങ്ങൾ, തിരഞ്ഞെടുത്ത വെടിക്കോപ്പുകൾ എന്നിവ സംഭരിക്കാനും ശ്രമിക്കുന്നതായി യുഎസ് ഏറ്റെടുക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇൻസ്പെക്ടർ ജനറലിനെ അറിയിച്ചു.ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങൾക്കും ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവയുടെ നാശനഷ്ടം ഏകദേശം 184 മില്യൺ ഡോളറാണെന്നാണ് കണക്ക്.

യുഎസ് സൈനിക വിമാനങ്ങൾക്കും ഡ്രോണുകൾക്കും ഉണ്ടായ വൻ നഷ്ടവും റിപ്പോർട്ട് രേഖപ്പെടുത്തി. അഞ്ചാം തലമുറ F-35A യുദ്ധവിമാനത്തിന് ശത്രുവിന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഒരു F-35A യുദ്ധവിമാനത്തിന് യുദ്ധത്തിനിടെ കേടുപാടുകൾ സംഭവിക്കുന്നത് ഇതാദ്യമാണ്. ജൂൺ അവസാനത്തോടെ നാല് F-15E യുദ്ധവിമാനങ്ങളും ഒരു A-10 ഗ്രൗണ്ട് അറ്റാക്ക് വിമാനവും നശിച്ചു.ഏഴ് KC-135 ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ കേടാകുകയോ നശിക്കുകയോ ചെയ്തു. ഏഴ് ഹെലികോപ്റ്ററുകളും 30-ലധികം ഡ്രോണുകളും യുഎസിന് നഷ്ടപ്പെട്ടു.ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കുമായി ചെലവഴിച്ച 22.3 ബില്യൺ ഡോളർ യുദ്ധത്തിന്റെ ആകെ ചെലവിന്റെ വലിയൊരു ഭാഗമാണ്.

അതേസമയം, അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി തള്ളിക്കളഞ്ഞിരുന്നു.റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് ട്രംപ്, യുഎസ് ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതൽ മികച്ചതും അത്യാധുനികവുമായ ആയുധങ്ങൾ ഇപ്പോൾ രാജ്യം നിർമിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 6-ന് അമേരിക്കയുടെ കൈവശം പ്രത്യേകിച്ച് ചില തരത്തിലുള്ള, വൻതോതിലുള്ള വെടിക്കോപ്പുകൾ ഉണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. സെപ്റ്റംബർ 9-ലെ മറ്റൊരു പോസ്റ്റിൽ, മധ്യനില മുതൽ ഉയർന്ന നിലവാരം വരെയുള്ള വെടിക്കോപ്പുകൾ ഏതാണ്ട് പരിധിയില്ലാത്ത അളവിൽ യുഎസിനുണ്ടെന്നും ഈ യുദ്ധത്തിനോ മറ്റേതെങ്കിലും യുദ്ധത്തിനോ ഉപയോഗിക്കാനാകുന്നതിലുമധികം ശേഖരമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

യുദ്ധത്തിനും ആയുധങ്ങളും ഉപകരണങ്ങളും പുനഃസ്ഥാപിക്കുന്നതിനുമായി ഏകദേശം 200 ബില്യൺ ഡോളർ അധിക ധനസഹായം ആവശ്യപ്പെടാൻ പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നതായി മാർച്ചിൽ യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു. ജൂലൈയിൽ സെനറ്റർമാരോട് യുദ്ധത്തിന് 37.5 ബില്യൺ ഡോളർ ചെലവായതായി ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാൻ യുദ്ധത്തിനായി മാത്രം 67.1 ബില്യൺ ഡോളർ ഉൾപ്പെടുന്ന 88 ബില്യൺ ഡോളറിന്റെ അടിയന്തര ധനസഹായ പാക്കേജിനെയും അദ്ദേഹം പിന്തുണച്ചു. ജൂലൈ അവസാനത്തോടെ 11 യുഎസ് സൈനികർ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ഓപ്പറേഷനിടെ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത സംഭവങ്ങളിൽ ഏഴ് സൈനികരും മരിച്ചു. ജൂൺ അവസാനം വരെയുള്ള കണക്കുപ്രകാരം 400-ലധികം യുഎസ് സൈനികർക്ക് യുദ്ധത്തിൽ പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

$22.3 billion spent in 4 months: US confirms weapons shortage amid Iran war

More Stories from this section

family-dental
witywide