
വാഷിംഗ്ടൺ: അമേരിക്കയുടെ അടിയന്തര ക്രൂഡ് ഓയിൽ ശേഖരമായ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്.പി.ആർ) അതിവേഗം ശൂന്യമായിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം മൂലമുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാൻ യുഎസ് ഉദ്യോഗസ്ഥർ എണ്ണശേഖരം വൻതോതിൽ വിപണിയിലെത്തിക്കുന്നതാണ് ഈ ഇടിവിന് കാരണം. നിലവിലെ സാഹചര്യം മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ കാലത്തുണ്ടായ, കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് അമേരിക്കയെ എത്തിച്ചിരിക്കുകയാണെന്നാണ് പ്രമുഖ വാർത്താ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട്.
യുഎസ് ഊർജ്ജ വകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്ച മാത്രം എസ്‌പിആറിൽ നിന്ന് 7.9 ദശലക്ഷം ബാരൽ എണ്ണയാണ് പിൻവലിച്ചത്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ ഇത് 8 ദശലക്ഷം ബാരലായിരുന്നു. ഇതോടെ നിലവിലെ ആകെ എണ്ണശേഖരം 349.2 ദശലക്ഷം ബാരലായി ചുരുങ്ങി. ഇത് 2023 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.
നിലവിലെ കുറവ് തുടരുകയാണെങ്കിൽ ഈ ആഴ്ച തന്നെ എണ്ണശേഖരം 346.8 ദശലക്ഷം ബാരലിന് താഴെയാകും. സമ്പദ്‌വ്യവസ്ഥ ചെറുതും ഊർജ്ജ ഉപഭോഗം കുറവുമായിരുന്ന 1980-കളുടെ തുടക്കത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയാണിത്. 2022-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോ ബൈഡൻ എണ്ണശേഖരം ദുരുപയോഗം ചെയ്തുവെന്ന് നിലവിലെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന ട്രംപ്, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബൈഡനേക്കാൾ വേഗത്തിലാണ് അടിയന്തര ശേഖരത്തിൽ നിന്ന് എണ്ണ പുറത്തെടുക്കുന്നത്. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 66 ദശലക്ഷം ബാരൽ എണ്ണയാണ് എസ്‌പിആറിൽ നിന്ന് കുറഞ്ഞത്.
ഇറാൻ യുദ്ധം അമേരിക്കയുടെ എണ്ണശേഖരത്തിൽ ഉണ്ടാക്കുന്ന വലിയ ആഘാതത്തെക്കുറിച്ച് അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ മൈക്ക് സോമേഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോളതലത്തിലെ എണ്ണ ഉത്പാദന പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ആശങ്കയും പങ്കുവെച്ചു.
America’s emergency oil reserves are running out, heading for the biggest crisis in 40 years!















