
വാഷിംഗ്ടൺ: ഇറാന് എതിരായ സൈനിക നടപടികളും യുഎസിന്‍റെ വായ്പാ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളറിലേക്ക് (40 ലക്ഷം കോടി ഡോളർ) ഉയർന്നതും രാജ്യത്ത് വലിയ ചർച്ചയാകുമ്പോഴും വൈറ്റ് ഹൗസിന്‍റെ നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമെ വൈറ്റ് ഹൗസ് വളപ്പിൽ പുതിയ ഡ്രൈവ്‌വേയും അത്യാധുനിക ഹെലിപാഡും നിർമ്മിക്കുന്ന പ്രവൃത്തികൾ ട്രംപ് മാധ്യമപ്രവർത്തകരെ നേരിട്ടെത്തി കാണിച്ചു.
വർഷത്തിൽ രണ്ടാം തവണയാണ് ട്രംപ് ഇത്തരത്തിൽ അപ്രതീക്ഷിതമായി മാധ്യമപ്രവർത്തകരെ വൈറ്റ് ഹൗസിലെ നിർമ്മാണ സ്ഥലങ്ങളിലേക്ക് ക്ഷണിക്കുന്നത്. തന്‍റെ ഭരണനേട്ടങ്ങളുടെ പ്രധാന അടയാളങ്ങളിലൊന്നായി നിർമ്മാണ പ്രവർത്തനങ്ങളെയാണ് ട്രംപ് കാണുന്നത്. സാദാരണ അസ്ഫാൽറ്റിന് പകരം കാലിഫോർണിയയിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്ന കട്ടി കൂടിയ വൈറ്റ് ഗ്രാനൈറ്റാണ് പാതകൾക്കും ഹെലിപാഡിനും ഉപയോഗിക്കുന്നത്. വരും തലമുറകൾക്ക് ഉപയോഗിക്കാൻ തക്കവിധം ദീർഘകാലം നിൽക്കുന്നതാണ് ഈ നിർമ്മിതികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പബ്ലിക് പോളിസി അനാലിസിസ് ഗ്രൂപ്പായ പൊളിറ്റിഫാക്റ്റ് നടത്തിയ പഠനമനുസരിച്ച്, 2026-ൽ ട്രംപ് തന്‍റെ പൊതു പ്രസംഗങ്ങളിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് ഇറാന് എതിരായ യുദ്ധത്തെക്കുറിച്ചും വൈറ്റ് ഹൗസിലെ നവീകരണ പദ്ധതികളെക്കുറിച്ചുമാണ്. വൈറ്റ് ഹൗസിൽ വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുമ്പോൾ കെട്ടിടത്തിനുള്ളിലേക്ക് നേരിട്ട് പ്രവേശിക്കാതെ തന്നെ പുതിയ പാതയിലൂടെ ഹെലിപാഡിലെത്തി ആതിഥേയത്വം വഹിക്കാനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ വൈറ്റ് ഹൗസ് നവീകരണത്തിന് കോടികൾ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.















