
ടെഹ്‌റാൻ: യുറാനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന അമേരിക്കയുടെ പുതിയ ആവശ്യങ്ങൾ തങ്ങളുടെ നിലപാടുകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി അമേരിക്ക ആദ്യം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാൻ നിലപാട്.
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ ശേഷിയിൽ അർത്ഥവത്തായ കുറവുകൾ വരുത്തണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വൻസ് വ്യക്തമാക്കിയിരുന്നു. 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനം എന്തിനാണ് ആവശ്യമെന്നും, ആണവായുധം നിർമ്മിക്കാനില്ലെന്ന് തെളിയിക്കാൻ ഉയർന്ന തോതിൽ ഇന്ധനം സമ്പുഷ്ടീകരിക്കുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, അമേരിക്കയുടെ ഇത്തരം ആശയങ്ങളും ആവശ്യങ്ങളും ഇറാന്റെ ആവശ്യങ്ങൾക്ക് തീർത്തും വിരുദ്ധമാണെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് സംസാരിച്ച മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇറാൻ തുറമുഖങ്ങളുടെ ഉപരോധം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ഇറാന്റെ മുൻകാല ഉപാധികൾ അംഗീകരിച്ചിട്ട് മതി മറ്റു ചർച്ചകളെന്നാണ് ഇറാന്റെ നിലപാട്. ആണവ സമ്പുഷ്ടീകരണത്തിനുള്ള രാജ്യത്തിന്റെ അവകാശത്തിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യില്ലെന്നും, എന്നാൽ സമ്പുഷ്ടീകരണത്തിന്റെ സാങ്കേതിക വിവരങ്ങൾ പിന്നീട് ചർച്ച ചെയ്യാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.














