27,000 കോടിയിലധികം രൂപയുടെ നഷ്ടം! ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർന്നു

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 81 സൈനിക വിമാനങ്ങളും ഡ്രോണുകളും നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി പുതിയ കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി.ആർ.എസ്) റിപ്പോർട്ട്. യുദ്ധത്തിൽ അമേരിക്കയ്ക്ക് നേരിട്ട ആകെ നാശനഷ്ടം ഏകദേശം 3.3 ബില്യൺ ഡോളറോളം (ഏകദേശം 27,000 കോടിയിലധികം രൂപ) വരുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമായ എഫ്-35 എ, എഫ്-15 യുദ്ധവിമാനങ്ങൾ, എം.ക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവയും തകർന്നവയിൽ ഉൾപ്പെടുന്നു.

ഓരോ എഫ്-15 വിമാനത്തിനും 30 മില്യൺ ഡോളറിലധികവും, എം.ക്യു-9 റീപ്പർ ഡ്രോണുകൾക്ക് 30 മുതൽ 50 മില്യൺ ഡോളർ വരെയുമാണ് മതിപ്പുവില. 92 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അത്യാധുനിക എഫ്-35 എ വിമാനവും നഷ്ടപ്പെട്ടവയിലുണ്ട്. മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങൾക്കിടെ 12 എഫ്-15 ഇ വിമാനങ്ങൾ, ഒരു എഫ്-35 എ ലൈറ്റ്‌നിംഗ് II, രണ്ട് എ-10 തണ്ടർബോൾട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങൾ, ഏഴ് കെ.സി-135 സ്ട്രാറ്റോടാങ്കർ റീഫ്യൂവലിങ് വിമാനങ്ങൾ എന്നിവ യു.എസിന് നഷ്ടമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ മൂന്ന് എഫ്-15 വിമാനങ്ങൾ കുവൈത്തിന് മുകളിൽ വെച്ച് തങ്ങളുടെ തന്നെ സേനയുടെ അബദ്ധത്തിലുള്ള വെടിവെയ്പ്പിലും (ഫ്രണ്ട്‌ലി ഫയർ), ഒരെണ്ണം ഇറാനിൽ വെച്ചും വെടിവെച്ചിടുകയായിരുന്നു. ജോർദാനിലെ മുവാഫാഖ് സാൽറ്റി എയർബേസിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് എഫ്-15 വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഇതിനുപുറമെ, നിരീക്ഷണത്തിന് ഉപയോഗിക്കുന്ന 270 മില്യൺ ഡോളർ വിലമതിക്കുന്ന അതീവ നിർണായകമായ ഒരു ഇ-3 സെൻട്രി വിമാനം, രണ്ട് എം.സി-130 ജെ കമാൻഡോ II പ്രത്യേക ദൗത്യ വിമാനങ്ങൾ, ഒരു എച്ച്.എച്ച്-60 ഡബ്ല്യു റെസ്ക്യൂ ഹെലികോപ്റ്റർ, ഒരു എം.ക്യു-4 സി ട്രൈറ്റൺ അത്യാധുനിക ഡ്രോൺ, മൂന്ന് എം.ക്യു-1 ഡ്രോണുകൾ, 45 എം.ക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവയും സൈന്യത്തിന് നഷ്ടമായി. ഒരു അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററും നാല് ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററുകളും ഒരു സീ ഹോക്ക് ഹെലികോപ്റ്ററും യുദ്ധത്തിൽ തകർന്നു. പല യുദ്ധവിവരങ്ങളും ഇപ്പോഴും രഹസ്യമായി തുടരുന്നതിനാലും സൈനിക നീക്കങ്ങൾ പുരോഗമിക്കുന്നതിനാലും യഥാർത്ഥ നഷ്ടത്തിന്റെ കണക്കുകൾ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, ഇറാനിലെ യുദ്ധത്തിനായി യു.എസ് സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചെലവ് ഒരു മാസത്തിനിടെ 6 ബില്യൺ ഡോളറിലധികം വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന യു.എസ് സെൻട്രൽ കമാൻഡിന്റെ വിലയിരുത്തൽ പ്രകാരം ആയുധച്ചെലവ് മാത്രം 28.1 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ ഔദ്യോഗിക റിപ്പോർട്ടുകളോട് വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read

More Stories from this section

family-dental
witywide