
ഷിക്കാഗോ: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷിക്കാഗോയിൽ വെച്ച് യു.എസ് ഫെഡറൽ ഇമിഗ്രേഷൻ ഓഫീസറുടെ ക്രൂരമായ വെടിവെപ്പിന് ഇരയായ അമേരിക്കൻ സ്വദേശിനി മാരിമർ മാർട്ടിനെസ് (31) യു.എസ് സർക്കാരിനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. തന്നെ വധിക്കാൻ ശ്രമിച്ച കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റ് ചാർലസ് എക്സമിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് മോണ്ടിസോറി സ്കൂൾ ജീവനക്കാരിയായ യുവതി ഫെഡറൽ കോടതിയെ സമീപിച്ചത്.
യുവതി തങ്ങളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് സ്വയംരക്ഷയ്ക്കായി വെടിവെച്ചതെന്നായിരുന്നു ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ ആദ്യ വിശദീകരണം. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പുനരാവിഷ്കാര ദൃശ്യങ്ങളും ബോഡി ക്യാമറ ദൃശ്യങ്ങളും യുവതിയുടെ അഭിഭാഷകർ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
രണ്ട് സെക്കൻഡിൽ ഏഴു വെടിയുണ്ടകൾ
ട്രംപ് ഭരണകൂടം ഷിക്കാഗോയിൽ നടപ്പിലാക്കിയ ‘ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്സ്’ എന്ന വിവാദ ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിലായിരുന്നു സംഭവം. മാരിമറിന്റെ കാറിനെ ഉദ്യോഗസ്ഥർ സഞ്ചരിച്ച എസ്.യു.വി വാഹനം കൊണ്ട് മനഃപൂർവ്വം വശങ്ങളിൽ ഇടിപ്പിച്ച ശേഷം, ഏജന്റ് ചാർലസ് എക്സം തോക്കുമായി പുറത്തിറങ്ങുകയായിരുന്നു. യാതൊരുവിധ മുന്നറിയിപ്പോ നിർദ്ദേശങ്ങളോ നൽകാതെ വെറും രണ്ട് സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് ഇയാൾ കാറിന് നേരെ വെടിയുതിർത്തത്.
മുൻ വിൻഡ്ഷീൽഡിലൂടെയും വശങ്ങളിലെ ഗ്ലാസുകളിലൂടെയും തുളച്ചുകയറിയ വെടിയുണ്ടകളിൽ ഏഴെണ്ണം മാരിമറിന്റെ ശരീരത്തിൽ തറച്ചു. ഇരു കാലുകൾക്കും, വലത് തുടയ്ക്കും, കൈയ്ക്കും, നെഞ്ചിന്റെ വലതുഭാഗത്തുമാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്. സ്റ്റിയറിംഗിലേക്ക് തലകുനിച്ചിരുന്ന നിസ്സഹായയായ യുവതിക്ക് നേരെ കാറിന്റെ പിൻഭാഗത്തുനിന്നുപോലും ഏജന്റ് വെടിയുതിർത്തതായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
വെടിവെപ്പിന് തൊട്ടുപിന്നാലെ മാരിമറിനെ ‘ആഭ്യന്തര ഭീകരവാദി’ എന്ന് മുദ്രകുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. യുവതി മാരകായുധങ്ങളുമായി തങ്ങളെ ആക്രമിക്കാൻ വന്നുവെന്നായിരുന്നു ആരോപണം. എന്നാൽ, ആത്മരക്ഷയ്ക്കായി ലൈസൻസുള്ള ഒരു ചെറിയ തോക്ക് മാത്രമാണ് മാരിമറിന്റെ ബാഗിൽ ഉണ്ടായിരുന്നതെന്ന് പിന്നീട് തെളിഞ്ഞു. ഇതേത്തുടർന്ന് ഇവർക്കെതിരെ ചുമത്തിയ വധശ്രമക്കേസുകൾ കഴിഞ്ഞ നവംബറിൽ നീതിന്യായ വകുപ്പ് പൂർണ്ണമായും റദ്ദാക്കിയിരുന്നു.
“ഇവിടെ നടക്കുന്നത് ഒട്ടും സാധാരണമായ കാര്യങ്ങളല്ല. ഇത്തരം അനീതികൾ ആരും സാധാരണവൽക്കരിക്കരുത്. ഇനിയൊരു പൗരനും ഈ അവസ്ഥ ഉണ്ടാകരുത്,” വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് മാരിമർ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഇമിഗ്രേഷൻ വിരുദ്ധ നടപടികൾക്കെതിരെ യു.എസിൽ ഉയരുന്ന തുടർച്ചയായ നിയമപോരാട്ടങ്ങളിൽ ഒടുവിലത്തേതാണ് ഷിക്കാഗോയിലെ ഈ കേസ്. സമാനമായ രീതിയിൽ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയായ റെനി ഗുഡ് എന്ന അമേരിക്കൻ പൗരയുടെ കുടുംബവും കഴിഞ്ഞ ദിവസം യു.എസ് സർക്കാരിനെതിരെ രണ്ട് ഫെഡറൽ കേസുകൾ ഫയൽ ചെയ്തിരുന്നു. ഇതും ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ യു.എസ് നീതിന്യായ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
An American woman who was the victim of a brutal shooting by a federal immigration officer, has filed a civil lawsuit against the U.S. government.















