
വാഷിംഗ്ടൺ: അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയെയും യു.എസ് സർക്കാരിനെയും പറ്റിച്ച് ഏകദേശം 200 മില്യൺ ഡോളർ (ഏകദേശം 1,600 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ മുൻ സി.ഐ.എ ഉദ്യോഗസ്ഥൻ ഡേവിഡ് റഷ് ഫെഡറൽ കോടതിയിൽ കുറ്റസമ്മതം നടത്തി. വിർജീനിയയിലെ ഇയാളുടെ ആഡംബര വസതിയിൽ നിന്ന് 40 മില്യൺ ഡോളറോളം (330 കോടിയിലധികം രൂപ) മൂല്യം വരുന്ന സ്വർണ്ണക്കട്ടികൾ കണ്ടെടുത്തതിനെ തുടർന്നാണ് ഈ വൻ തട്ടിപ്പ് പുറത്തുവന്നത്. കോടതിയിൽ വയർ ഫ്രോഡ് (രേഖകളിൽ തിരിമറി നടത്തി പണം തട്ടൽ) എന്ന കുറ്റമാണ് ഇയാൾ സമ്മതിച്ചത്.
തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദശലക്ഷക്കണക്കിന് ഡോളറിന്റെ സ്വർണ്ണക്കട്ടികളും ആഡംബര വാച്ചുകളും സമ്പാദിച്ച റഷിനെ പ്രോസിക്യൂട്ടർമാർ “മാസ്റ്റർ മാനിപുലേറ്റർ” എന്നാണ് വിശേഷിപ്പിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് വ്യാജമായ രണ്ട് രഹസ്യ പദ്ധതികൾ ഉണ്ടാക്കിയാണ് റഷ് ഈ തുക കൈക്കലാക്കിയത്.
തട്ടിയെടുത്ത തുകയിൽ നിന്ന് 145 മില്യൺ ഡോളറോളം ഉപയോഗിച്ച് ഫ്ലോറിഡയിലെ പാം ബീച്ചിൽ ആഡംബര വീടുകൾ വാങ്ങുകയും, അവ പുതുക്കിപ്പണിത് മറിച്ചുവിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തു. ആഡംബര വാഹനങ്ങളും വാച്ചുകളും വാങ്ങാനും ഈ പണം ഉപയോഗിച്ചു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഈ പണം ലഭിച്ചതെന്നാണ് ഇയാൾ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്.
മറ്റൊരു വ്യാജ പദ്ധതിയുടെ പേരിൽ അധികൃതരിൽ നിന്ന് 298 സ്വർണ്ണക്കട്ടികൾ ഇയാൾ കൈപ്പറ്റി. ഇവ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിതരണം ചെയ്തു കഴിഞ്ഞു എന്നാണ് ഇയാൾ നുണ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ 46.4 മില്യൺ ഡോളർ മൂല്യം വരുന്ന ഈ സ്വർണ്ണക്കട്ടികൾ എഫ്.ബി.ഐ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ യാത്രകൾക്കായി ചാർട്ടർ ചെയ്ത വിമാനങ്ങളുടെ ചെലവിലേക്ക് 1.8 മില്യൺ ഡോളർ സർക്കാരിൽ നിന്ന് തട്ടിയെടുത്തതായും ഇയാൾ സമ്മതിച്ചു. പണം തട്ടിയതിന് പുറമേ, അമേരിക്കയുടെ അതീവരഹസ്യമായ ഒരു വിവരവും യു.എസ് ചാരന്റെ വിവരങ്ങളും ഒരു വിദേശ ഉദ്യോഗസ്ഥന് ഇയാൾ ചോർത്തി നൽകിയതായും വിചാരണയിൽ വ്യക്തമായി. എന്നാൽ ഏത് രാജ്യത്തിനാണ് വിവരം നൽകിയതെന്ന കാര്യം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയിട്ടില്ല.
“ആഭ്യന്തര അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയയുടൻ സി.ഐ.എ ഈ വിഷയം എഫ്.ബി.ഐക്ക് കൈമാറുകയായിരുന്നു” എന്ന് സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. ഡേവിഡ് റഷ് ജനവിശ്വാസം വഞ്ചിച്ചുവെന്നും അയാൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ ജീവനക്കാർ ജനങ്ങളെ സേവിക്കാനുള്ളവരാണെന്നും അഴിമതിക്കാരെ വെറുതെ വിടില്ലെന്നും അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും വ്യക്തമാക്കി.
കഴിഞ്ഞ മേയ് മാസം മുതൽ റഷ് കസ്റ്റഡിയിലാണ്. കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തിൽ 195 മില്യൺ ഡോളർ നഷ്ടപരിഹാരമായി തിരികെ നൽകാൻ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഈ കുറ്റത്തിന് പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം. കേസിൽ അടുത്ത വർഷം ജനുവരി 28-ന് കോടതി ശിക്ഷ വിധിക്കും.
Gold bar stash found at home; former CIA spy who swindled $1.9 billion (₹1,600 crore) from the US government caught.















