
ചണ്ഡീഗഢ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വസതികളിലും സി.ബി.ഐ.യുടെ മിന്നൽ പരിശോധന. മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി. (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) രാജ്ബീർ ഘുമാൻ ഉൾപ്പെടെ ആറ് പേർക്കെതിരെ ചൊവ്വാഴ്ച സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചണ്ഡീഗഢിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ഉൾപ്പെടെ എട്ടിടങ്ങളിൽ ഒരേസമയം റെയ്ഡ് നടന്നത്.
വകുപ്പുതല മാറ്റങ്ങൾ, ഐ.എ.എസ്.-ഐ.പി.എസ്. തസ്തികകളിലെ നിയമനങ്ങൾ, ടെൻഡറുകൾ, ഭൂമി തരംമാറ്റൽ എന്നിവയിൽ ഒ.എസ്.ഡി. മുഖേന വലിയ തോതിൽ സ്വാധീനം ചെലുത്തി അഴിമതി സംഘം പ്രവർത്തിച്ചിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ നാടകീയ നീക്കം. ചണ്ഡീഗഢ് സെക്ടർ 2-ലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച പരിശോധന ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചു. ഈ ഓഫീസിൽ വെച്ചാണ് ഒ.എസ്.ഡി. ഇടനിലക്കാരുമായി അഴിമതിക്കായി കൂടിക്കാഴ്ച നടത്തിയിരുന്നതെന്ന് സി.ബി.ഐ. വൃത്തങ്ങൾ ആരോപിക്കുന്നു. ഘുമാന്റെ സാംഗ്രൂരിലെ കുടുംബവീട്ടിലും സി.ബി.ഐ. സംഘമെത്തി.
ഇ.ഡി. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. പണം വാങ്ങി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന സംഘത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച നിതിൻ ഗോഹൽ, സഹോദരൻ ജിതിൻ ഗോഹൽ, ഒ.എസ്.ഡി.യുടെ സഹായി ഡോ. റോമി മഹാജൻ, എ.എ.പി. യുവജന പ്രവർത്തകൻ ബീർ ദേവീന്ദർ, ആർ.എസ്. നഗ്ര എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന സംഘം സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അതിന്റെ കരട് രേഖകൾ സ്വകാര്യ വ്യക്തികൾക്ക് ചോർത്തി നൽകിയതായും എഫ്.ഐ.ആറിലുണ്ട്. മൊഹാലി, ഗുർദാസ്പൂർ, ലുധിയാന, പട്യാല, ജലന്ധർ തുടങ്ങിയ നഗരങ്ങളിൽ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും നിർണായക സാമ്പത്തിക രേഖകളും സി.ബി.ഐ. പിടിച്ചെടുത്തു. ഇവ നിലവിൽ ഫോറൻസിക് പരിശോധനയിലാണ്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. ബി.ജെ.പി. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ജനങ്ങളിൽ നിന്ന് എ.എ.പി.ക്ക് ലഭിക്കുന്ന പിന്തുണ കണ്ട് ബി.ജെ.പി. പരിഭ്രാന്തിയിലാണെന്നും, അതിനാലാണ് ക്യാമ്പ് ഓഫീസിലടക്കം റെയ്ഡ് നടത്തി രാഷ്ട്രീയ പകപോക്കലിന് മുതിരുന്നതെന്നും മുഖ്യമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
നേരത്തെ മെയ് മാസത്തിൽ ഇ.ഡി. നടത്തിയ പരിശോധനകൾക്ക് പിന്നാലെ ഒ.എസ്.ഡി.ക്കെതിരെ കേസെടുക്കാൻ പഞ്ചാബ് ഡി.ജി.പി.ക്ക് മൂന്ന് തവണ കത്തയച്ചിട്ടും സംസ്ഥാന പൊലീസ് നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ അഭിഭാഷകനായ നിഖിൽ സരഫ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ ഉണ്ടായത്. പഞ്ചാബ് പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കേസ് അടിയന്തരമായി സി.ബി.ഐ.ക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.
Dramatic move in a corruption case; CBI raids Punjab Chief Minister’s camp office and other locations; Bhagwant Mann alleges the BJP has begun election preparations.











