നാസയുടെ ബജറ്റിന് തുല്യമായ തുക ആയുധങ്ങൾക്കായി ചിലവഴിച്ചു; ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വരുത്തിയത് 2 ലക്ഷം കോടി രൂപയുടെ ബാധ്യത, ഒരു വിമാനവാഹിനിക്കപ്പൽ ഉടൻ മടങ്ങും

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.1 ലക്ഷം കോടി രൂപ) ചിലവായതായി പെന്റഗൺ ഔദ്യോഗികമായി അറിയിച്ചു. യുദ്ധം തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന ആദ്യ ഔദ്യോഗിക കണക്കാണിത്. ഈ തുക അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമാണെന്നത് യുദ്ധത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നു.

യുദ്ധം കാരണം എണ്ണ-പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസ്സം അമേരിക്കയിലെ ആഭ്യന്തര വിപണിയെ സാരമായി ബാധിച്ചു. ഇന്ധനവില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനൊപ്പം കാർഷിക ഉൽപ്പന്നങ്ങളുടെയും വളത്തിൻ്റെയും വില കുതിച്ചുയർന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സാധ്യതകളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

യുദ്ധത്തിൻ്റെ ചിലവ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ വൈകിയതിനെ ഡെമോക്രാറ്റിക് പാർട്ടി രൂക്ഷമായി വിമർശിച്ചു. എന്നാൽ, ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഈ തുക ചിലവാക്കുന്നത് ന്യായമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാദിച്ചു. യുദ്ധത്തെ വിമർശിക്കുന്നവരെ അദ്ദേഹം “ഭീരുക്കൾ” എന്നാണ് വിശേഷിപ്പിച്ചത്.

ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധത്തോടുള്ള അമേരിക്കൻ ജനതയുടെ താല്പര്യം 34 ശതമാനമായി കുറഞ്ഞുവെന്നാണ് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ വ്യക്തമാക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയിൽ പതിനായിരക്കണക്കിന് അമേരിക്കൻ സൈനികർ ഇപ്പോഴും തുടരുകയാണ്.

ജെറാൾഡ് ആർ ഫോർഡ് മടങ്ങുന്നു

ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് മടങ്ങുന്നു. കപ്പലിനൊപ്പമുള്ള യുഎസ്എസ് മഹാൻ, യുഎസ്എസ് വിൻസ്റ്റൺ എസ് ചർച്ചിൽ, യുഎസ്എസ് ബെയ്ൻബ്രിഡ്ജ് എന്നീ മൂന്ന് യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റ് വിട്ട് അമേരിക്കയിലേക്ക് തിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ഒരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ സൈനിക വിന്യാസമാണിത്. വരും ആഴ്ചകളിൽ കപ്പൽ വിർജീനിയയിലെ നോർഫോക്ക് തുറമുഖത്ത് തിരിച്ചെത്തും. ആദ്യം യൂറോപ്പിലും പിന്നീട് കരീബിയനിലും വിന്യസിച്ചിരുന്ന കപ്പലിനെ ഇറാൻ യുദ്ധം തുടങ്ങിയതോടെയാണ് മെഡിറ്ററേനിയൻ കടലിലേക്കും തുടർന്ന് ചെങ്കടലിലേക്കും മാറ്റിയത്.

An amount equal to NASA’s budget was spent on weapons; the Iran war caused the US to incur a liability of $25 billion

More Stories from this section

family-dental
witywide