
പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ നീറ്റ് പരീക്ഷ ക്രമക്കേടിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാവിലെ ബഹളത്തെ തുടർന്ന് നിർത്തിവെച്ച ലോക്സഭ പന്ത്രണ്ട് മണിക്ക് വീണ്ടും ചേർന്നപ്പോഴാണ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കിരണ്‍ റിജിജു സർക്കാരിന്റെ നിലപാട് സഭയെ അറിയിച്ചത്. ഏതുസമയത്തും വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധമാണെന്നും, എല്ലാ കക്ഷിനേതാക്കളുമായും ആലോചിച്ച് ചർച്ചയുടെ സമയവും ദൈർഘ്യവും നിശ്ചയിക്കുമെന്നും സ്പീക്കർ ഓം ബിർളയും വ്യക്തമാക്കി. എന്നാൽ മുൻപ് നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയതിൽ പ്രതിപക്ഷത്തെ തന്നെ പഴിചാരാനാണ് സ്പീക്കറും കേന്ദ്രമന്ത്രിയും ശ്രമിച്ചത്.
സർക്കാർ ചർച്ചയ്ക്ക് വഴങ്ങിയെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി വ്യക്തമാക്കി. വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് ലാത്തിച്ചാർജിനെ രൂക്ഷമായി വിമർശിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കേന്ദ്രമന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം വീണ്ടും തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി.
പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതിനിടെ രാഹുൽ ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എം.പിമാർ പാർലമെന്റിലെത്തിയത്. പാർലമെന്റ് വളപ്പിൽ ജനപ്രതിനിധികൾ വലിയ രീതിയിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച ബി.ജെ.പി മന്ത്രിമാർ, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
NEET Row: Centre Agrees to Parliament Debate; Opposition Demands Education Minister’s Resignation















