അമേരിക്കയിലെ ബേ ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ യുവതി, ആശ്രിത ഭാര്യയായി യുഎസിലേക്ക് കുടിയേറിയതിന്റെ മാനസികവും സാമ്പത്തികവുമായ യാഥാർഥ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലാകുന്നു. മുൻ എഞ്ചിനീയറും നിലവിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമായ സഞ്ജീവ്നി സിംഗാൾ, വിസ നിയന്ത്രണങ്ങൾ കാരണം ടെക് മേഖലയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്ന അനുഭവമാണ് ഇൻസ്റ്റാഗ്രാമിലൂടെ തുറന്നു പറഞ്ഞത്.
“9 വർഷം മുമ്പ് ആശ്രിത ഭാര്യയായി ഇന്ത്യയിൽ നിന്ന് ബേ ഏരിയയിലേക്ക് എത്തി. ടെക് കരിയർ ഉപേക്ഷിക്കേണ്ടിവന്നു. ആരെങ്കിലും മുൻകൂട്ടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നുന്ന ആറു കാര്യങ്ങൾ,” എന്നാണ് സഞ്ജീവ്നിയുടെ കുറിപ്പ്.
അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവാണ് ആദ്യം അവർ ചൂണ്ടിക്കാട്ടിയത്. “ഗ്രോസറികൾക്ക് ഇന്ത്യയിലെതിനേക്കാൾ മൂന്നിരട്ടി ചെലവ്. കുട്ടികളുടെ പരിചരണത്തിന് മാസം 2,500 ഡോളർ (ഏകദേശം ₹2.39 ലക്ഷം). രണ്ട് പേർക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ 80 മുതൽ 150 ഡോളർ വരെ (ഏകദേശം ₹8,000-₹15,000),” അവർ പറഞ്ഞു. ഇന്ത്യയിൽ വീട്ടുജോലികൾക്കായി സഹായം ലഭിച്ചിരുന്നുവെങ്കിലും അമേരിക്കയിൽ എല്ലാം തനിച്ചാണ് ചെയ്യേണ്ടതെന്നും അവർ വ്യക്തമാക്കി. “ഇവിടെ വീട്ടുജോലിക്കാർ ഒരു ആഡംബരമാണ്,” എന്നും അവർ കുറിച്ചു.
കരിയറിലെ തിരിച്ചറിവ് നഷ്ടപ്പെട്ടതായിരുന്നു ഏറ്റവും വലിയ മാനസിക ആഘാതമെന്ന് സഞ്ജീവ്നി പറയുന്നു. “8 വർഷം ഞാൻ ടെക് ലീഡായിരുന്നു. പിന്നീട് രേഖകളിൽ ‘ഡിപെൻഡന്റ് സ്പൗസ്’ ആയി. വർഷങ്ങളോളം ജോലി ചെയ്യാൻ പോലും കഴിഞ്ഞില്ല. സ്വന്തം മേഖലയിലെ ബഹുമതി നഷ്ടപ്പെടുകയും പ്രൊഫഷണൽ തിരിച്ചറിവ് ഇല്ലാതാകുകയും ചെയ്യുന്നത് ആരും നിങ്ങളെ മുൻകൂട്ടി തയ്യാറാക്കാത്ത ഒരു ദുഃഖമാണ്,” എന്നും അവർ പറഞ്ഞു.
കോവിഡ് കാലത്ത് ഏഴ് മാസം ഗർഭിണിയായിരിക്കെ ഭർത്താവിന്റെ പിതാവിന് ഗുരുതര രോഗം ബാധിച്ചതും അവർ ഓർത്തെടുത്തു. “എന്റെ ഭർത്താവ് ഇന്ത്യയിലേക്ക് പോയി. ഞാൻ ഒറ്റയ്ക്കായിരുന്നു — ഗർഭിണി, ഭീതിയോടെ,” അവർ കുറിച്ചു. കുടുംബത്തിന്റെ പിന്തുണയിൽ നിന്ന് “8,000 മൈൽ” അകലെയായി ജീവിക്കുന്നത് പലരും കരുതുന്നതിലും കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.
വിസ നിയമങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്തവർക്ക് വിദേശത്ത് സാമൂഹിക ബന്ധങ്ങൾ പടുത്തുയർത്തുന്നതും എളുപ്പമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ സമൂഹബന്ധങ്ങൾ സ്വാഭാവികമാണ്. ഇവിടെ എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങണം,” എന്നാണ് അവരുടെ വാക്കുകൾ.
അതേസമയം, ഈ ബുദ്ധിമുട്ടുകൾക്കിടയിലും താൻ അഭിമാനിക്കുന്ന ഒരു പുതിയ കരിയർ പിന്നീട് നിർമ്മിച്ചെടുത്തുവെന്നും, തന്റെ മകനു തനിക്കൊരിക്കലും ലഭിക്കാത്ത അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സിംഗാൾ പറഞ്ഞു. പക്ഷേ ആ യാത്രയ്ക്ക് വലിയ വില കൊടുക്കേണ്ടിവന്നതായും അവർ സമ്മതിച്ചു.“എന്റെ മാതാപിതാക്കളിൽ നിന്ന് വർഷങ്ങളോളം അകന്നു ജീവിക്കേണ്ടിവന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം നഷ്ടപ്പെട്ടു. 30-ാം വയസിൽ എല്ലാം വീണ്ടും തുടക്കം മുതൽ തുടങ്ങേണ്ടിവന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.
An Indian-origin woman living in the Bay Area has caught the internet’s attention after sharing the emotional and financial realities of moving to the US as a dependent spouse.










