‘നിതീഷ് പോയത് നന്നായി’ എന്ന് സോണിയ, ‘പിടിച്ചുനിർത്തണമായിരുന്നു’ എന്ന് ദിഗ്‌വിജയ്; കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ വാക്പോര്

ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 2024-ൽ ഇൻഡ്യ മുന്നണി വിട്ടുപോയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധിയും ദിഗ്‌വിജയ് സിംഗും തമ്മിൽ രൂക്ഷമായ തർക്കം. നിതീഷ് കുമാർ മുന്നണി വിട്ടത് നന്നായെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയപ്പോൾ, അദ്ദേഹത്തെ പിടിച്ചുനിർത്തണമായിരുന്നു എന്ന നിലപാടാണ് ദിഗ്‌വിജയ് സിംഗ് സ്വീകരിച്ചത്.

വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പാർട്ടി നടത്തുന്ന പോരാട്ടങ്ങളും വരാനിരിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളും ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

“നിതീഷ് കുമാറിനെ ഇൻഡ്യ മുന്നണിയിൽ നിന്ന് പോകാൻ അനുവദിക്കരുതായിരുന്നു. അദ്ദേഹം കൂടെയുണ്ടായിരുന്നെങ്കിൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാകുമായിരുന്നു,” എന്ന് ദിഗ്‌വിജയ് സിംഗ് യോഗത്തിൽ ഉന്നയിച്ചു.

എന്നാൽ ഇതിനെ ശക്തമായി എതിർത്തുകൊണ്ട് സോണിയാ ഗാന്ധി രംഗത്തെത്തി. “ദൈവത്തിന് നന്ദി, നിതീഷ് കുമാർ കൃത്യസമയത്ത് തന്നെ മുന്നണി വിട്ടു. അദ്ദേഹം എപ്പോഴും അപ്പുറത്തേക്ക് പോകാൻ അവസരം പാർത്തിരുന്നയാളാണ്,” എന്ന് സോണിയ തിരിച്ചടിച്ചു.നിതീഷ് കുമാർ ബി.ജെ.പിയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നുവെന്നും മുന്നണിയിൽ നിന്ന് പുറത്തുകടക്കാൻ നിരന്തരം പുതിയ കാരണങ്ങൾ തിരയുകയായിരുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ പ്രമേയമാണ് യോഗം പാസാക്കിയത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്ഐആർ) അടിയന്തരമായി നിർത്തിവെക്കുക, പട്ടികയിൽ നിന്ന് നീക്കം ചെയ്ത 13.3 കോടി പേരുകൾ പുനഃസ്ഥാപിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരം തകർത്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത വീണ്ടെടുക്കുന്നത് വരെ പാർലമെന്റിലും കോടതികളിലും തെരുവുകളിലും ശക്തമായ പ്രക്ഷോഭം തുടരാനാണ് പാർട്ടിയുടെ തീരുമാനം. ബുധനാഴ്ച ചേരുന്ന ഇൻഡ്യ മുന്നണിയുടെ സംയുക്ത യോഗത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കാനിരിക്കെയാണ് കോൺഗ്രസിനുള്ളിലെ ഭിന്നത പുറത്തുവന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Argument took place between Sonia Gandhi and Digvijaya Singh at the Congress Working Committee meeting regarding Nitish Kumar leaving the INDIA alliance.

More Stories from this section

family-dental
witywide