പിടികൊടുക്കാതെ അർജുൻ ആയങ്കി; സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും ലഭിച്ചിട്ടും പിടികൂടാനാകാതെ പോലീസും

സംസ്ഥാനത്തിനകത്തും പുറത്തും ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി വ്യാപക അന്വേഷണവുമായി പോലീസ്. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്നപേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഗുണ്ടാവേട്ടയുടെ ഭാഗമായാണ് ആയങ്കിയെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നത്. ദിവസങ്ങളായി നടത്തുന്ന അന്വേഷണത്തിന് ഇടയിലും അർജുൻ ആയങ്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് ആയങ്കിയുടെ യാത്ര.

കഴിഞ്ഞദിവസം ഇയാൾ തൃശ്ശൂരിൽ ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താൻ സാധിച്ചില്ല. പാലക്കാട്ടേക്കും തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് തിരച്ചിൽ നടത്തുന്ന സമയത്തുതന്നെ താൻ ഇന്നയിടത്ത് ഉണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാൾ അവകാശപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ആയങ്കിയുടെ ഒളിവിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സുഹൃത്തുക്കളാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ആറ് സുഹൃത്തുക്കളേയും ആയങ്കിയുടെ സഹോദരൻ അഖിലിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

എന്നാൽ, ഇവരെ ചോദ്യംചെയ്തെങ്കിലും ആയങ്കി എവിടെയാണെന്ന കാര്യത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പാലിയേക്കര ടോൾ ബൂത്ത് കടക്കുന്ന ആയങ്കിയുടെ ദൃശ്യം ലഭിച്ചത്. എന്നാൽ, വാഹനം മാറിമാറിക്കയറിയാണ് യാത്ര. ഇത് അന്വേഷണ സംഘത്തെ വട്ടംകറക്കുകയാണ്. ഒരേ വാഹനത്തിൽ അല്ലാത്തതിനാൽ സിസിടിവി ദൃശ്യങ്ങളുടെ തുടർച്ചയും ലഭിക്കാത്ത സാഹചര്യമുണ്ട്. കൂടാതെ, ആയങ്കി കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലെത്തിയോ എന്ന അന്വേഷണ സംഘത്തിൻ്റെ സംശയത്തിൽ അയൽ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

അവസാനമായി അമലാനഗർ പരിധിയിൽവെച്ചാണ് ആയങ്കിയുടെ ഫോൺ ടവർ ലൊക്കേഷൻ ലഭിച്ചത്. എന്നാൽ, ഇതിന് ശേഷവും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അർജുൻ ആയങ്കിക്ക് വേണ്ടി മറ്റാരെങ്കിലും ആണോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അവരിലേക്ക് എത്താനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. അവരിലൂടെ ആയങ്കിയിലേക്ക് എത്താൻ സാധിക്കുമെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.ആഭ്യന്തരവകുപ്പ് ആയങ്കിയെ പിടികൂടാൻ ഏത് വഴിയും സ്വീകരിക്കാം എന്നാണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം.

ആയുധം ഉപയോഗിക്കാമെന്നടക്കം അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ‘മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്നായിരുന്നു ഇതിന് അർജുൻ ആയങ്കി നൽകിയ മറുപടി.ആയങ്കിയ്ക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശനെ അവഹേളിച്ചതിന് എറണാകുളം റൂറൽ സൈബർ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപാഹ്വാന ശ്രമം നടത്തിയെന്നടക്കം ചൂണ്ടിക്കാട്ടി സ്വമേധയാണ് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Arjun Ayanki remains elusive; police unable to apprehend him despite obtaining CCTV footage and phone location data.

More Stories from this section

family-dental
witywide