ഫ്രാൻസിൽ കാട്ടുതീ രൂക്ഷം; 40,000ത്തോളം പേരെ ഒഴിപ്പിച്ചു

പാരിസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ആളിക്കത്തുന്ന കാട്ടുതീയെ തുടർന്ന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് 40,000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു. തീപിടിത്തത്തിൽ 10,000 ഹെക്ടറിലധികം വനമേഖല ഇതിനകം കത്തിനശിച്ചതായി ഫ്രാൻസ് ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂനെസ് അറിയിച്ചു. ബോർഡോ നഗരത്തിന് പടിഞ്ഞാറുള്ള സോമോസ് ഗ്രാമത്തിൽ ബുധനാഴ്ച ആരംഭിച്ച തീ പിന്നീട് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ക്യാപ്-ഫെറേ ഉപദ്വീപിലേക്കും വ്യാപിക്കുകയായിരുന്നു. പൈൻ വനങ്ങളും മണൽക്കുന്നുകളും ഓയിസ്റ്റർ ഫാമുകളും കൊണ്ട് പ്രശസ്തമായ പ്രദേശമാണിത്.

“ഇതിനകം 40,000ത്തോളം പേരെ ഒഴിപ്പിച്ചുകഴിഞ്ഞു, ഒഴിപ്പിക്കൽ നടപടികൾ ഇപ്പോഴും തുടരുകയാണ്,” ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഏറ്റവും വലിയ കാട്ടുതീയാണിതെന്നും ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തീപിടിത്തത്തിൽ 80 വീടുകൾ കത്തിനശിച്ചു. ഇതിൽ 50 ഓളം വീടുകൾ പൂർണമായും തകർന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും 1,000 അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

അറ്റ്ലാന്റിക് തീരത്തുള്ള ഉപദ്വീപിൽ നിന്ന് 400-ലധികം പേരെ ബോട്ടുകൾ ഉപയോഗിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. കാട്ടുതീ നിയന്ത്രണത്തിനായി യൂറോപ്യൻ യൂണിയന്റെ സിവിൽ പ്രൊട്ടക്ഷൻ സംവിധാനം പ്രയോജനപ്പെടുത്തിയതായും ചെക്ക് റിപ്പബ്ലിക്കിൽ നിന്നും സ്ലോവാക്യയിൽ നിന്നുമായി രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള അധിക സഹായം ഉടൻ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Around 40,000 people evacuated from southwest France due to wildfire

More Stories from this section

family-dental
witywide